ലക്‌നൗ: ഉമേഷ് പാൽ കൊലപാതക കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രയാഗ്‌രാജിലെ നെഹ്‌റു പാർക്കിൽ വച്ചാണ് പ്രതി അർബാസിനെ പോലീസ് വധിച്ചത്. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് ശേഷമായിരുന്നു സംഭവം. പ്രതിയുടെ വസതിക്ക് സമീപം വച്ച് ഉത്തർപ്രദേശ് പോലീസുമായി ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.
2005ൽ ബിഎസ്പി എംഎൽഎയായ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ സുപ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാൽ. ഈ സാഹചര്യത്തിലാണ് ഉമേഷ് പാലും കൊല്ലപ്പെട്ടത്. പ്രയാഗ്‌രാജിൽ വച്ച് ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി കാറിന്റെ പിൻസീറ്റിൽ നിന്നും ഉമേഷ് പുറത്തേക്കിറങ്ങുമ്പോൾ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമേഷിനെ ഉടൻ തന്നെ സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം ചികിത്സയ്‌ക്കിടെ മരണത്തിന് കീഴടങ്ങി.
മൃതദേഹത്തിൽ നിന്നും ഏഴ് ബുള്ളറ്റുകൾ കണ്ടെത്തിയതായും 13 പരിക്കുകൾ സംഭവിച്ചതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നാലെ ഉമേഷിന്റെ ഭാര്യ ജയ പാൽ പ്രയാഗ്‌രാജ് പോലീസിനെ സമീപിക്കുകയും അവരുടെ പരാതി പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
മുൻ എംപിയായ ആതിഖ് അഹമ്മദിന്റെ സഹോദരൻ, അയാളുടെ ഭാര്യ, മക്കൾ, മറ്റ് ചിലർ എന്നിവർക്കെതിരെയായിരുന്നു കേസ്. ബിഎസ്പി എംഎൽഎ രാജു പാലിന്റെ വധത്തിൽ പ്രധാന പ്രതിയായിരുന്നു ആതിഖ് അഹമ്മദ്. ഇയാൾ നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയുകയാണ്. ഇതിനിടെയാണ് കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ അജ്ഞാതർ കൊലപ്പെടുത്തിയത്. യുപി പോലീസ് പത്ത് സംഘങ്ങളെ നിയോഗിച്ച് പ്രതികളെ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
ആതിഖ് അഹമ്മദിന്റെ ബന്ധുക്കളടക്കം 40 പേർ കേസുമായി ബന്ധപ്പെട്ട് നിലവിൽ യുപി പോലീസിന്റെ കസ്റ്റഡിയിലാണ്. ബിഎസ്പി എംൽഎയായ രാജു പാൽ 2005ൽ കൊല്ലപ്പെടുന്നത്, ആതിഖ് അഹമ്മദിന്റെ ഇളയ സഹോദരൻ ഖാലിസ് അസീമിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് രാജു പാലിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ആതിഖിന്റെ മറ്റൊരു സഹോദരനും മുൻ എംഎൽഎയുമായ അഷ്‌റഫും കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്.
















Comments