ബോളിവുഡിലെ എക്കാലത്തെയും ബോക്സോഫീസ് ഹിറ്റുകളിൽ ഒന്നാണ് 2009- ല്‍ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്‌സ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സംഭാഷണങ്ങളും ഇപ്പോഴും സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. ആമിർ ഖാൻ, മാധവൻ, ശർമ്മൻ ജോഷി എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രത്തിൽ കരീനയുടെ വേറിട്ട പ്രകടനം ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
ഇപ്പോഴിതാ, സിനിമ പുറത്തിറങ്ങി 14 വർഷങ്ങൾക്ക് ശേഷം ത്രീ ഇഡിയറ്റ്സിലെ കരീനയുടെ ലുക്ക് ടെസ്റ്റ് ഫോട്ടോകൾ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ വിധു വിനോദ് ചോപ്ര. ഇഡിയറ്റ്‌സിലെ പിയക്ക് വേണ്ടിയുളള കരീനയുടെ ലുക്ക് ടെസ്റ്റ് എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് വിധു കുറിച്ചത്.
കരീനയുടെ അഞ്ച് ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ആദ്യ ചിത്രത്തിൽ പച്ച കുര്‍ത്ത ധരിച്ച് പോണിടെയിലില്‍ മുടി കെട്ടി നില്‍ക്കുന്നതാണ്. പിന്നീട് പര്‍പ്പിള്‍ നിറത്തിലെ സാരിയില്‍ കുറച്ച് ആഭരണങ്ങളും ചുവന്ന ബ്ലൗസും കണ്ണടയും ധരിച്ച ചിത്രമായിരുന്നു. പിങ്ക് നിറത്തിലുളള ടോപ്പും നീല സ്‌കാര്‍ഫും ധരിച്ച് തോളില്‍ ഒരു ബാഗും ഇട്ടു നില്‍ക്കുന്ന കോളേജ് വിദ്യാര്‍ഥിനിയുടെ ലുക്കാണ് മൂന്നാമത്തെ ചിത്രത്തില്‍. പിങ്കും വെളളയും ഇടകലര്‍ന്ന കുര്‍ത്തി ധരിച്ച് ബോബ് കട്ട് ലുക്കിലുളളതാണ് നാലാമത്തേത്. ഏറ്റവും ഒടുവില്‍ ഓറഞ്ച് ടോപ്പില്‍ ഹെല്‍മറ്റ് ധരിച്ച് നില്‍ക്കുന്ന ഫോട്ടോയാണ്.
കരീനയുടെ ലുക്ക് ടെസ്റ്റ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഓർമകൾ പുതുക്കിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ചിത്രങ്ങൾ നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കാണാത്ത ചിലത് പങ്കുവച്ചതിന് നന്ദി, പിയ എപ്പോഴും സ്പെഷ്യലാണ്, രാജ്കുമാർ ഹിരാനിയ്‌ക്കൊപ്പം വീണ്ടുമെത്തുമോ? എന്ന രീതിയിലാണ് കൂടുതൽ കമന്റുകളും.
Comments