തിരുവനന്തപുരം: ഇന്ത്യൻ ബോക്സ് ഓഫീസിനെ ഇരുളക്കിമറിച്ച കന്നഡ സിനിമ കാന്താരയിൽ കണ്ട പഞ്ചുരുളി അനന്തപുരിയിലെത്തുന്നു. മാർച്ച് മൂന്നാം തീയതി വെള്ളിയാഴ്ച ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ തെയ്യത്തറയിലാണ് പഞ്ചുരുളി കെട്ടിയാടുന്നത്. ദക്ഷിണ കർണാടകയിലും വടക്കേ മലബാറിലും കെട്ടിയാടുന്ന ഉഗ്ഗ്രമൂർത്തി തെയ്യമാണ് പഞ്ചുരുളി. രൗദ്രഭാവവും ശാന്തതയും ഒരുപോലെ പ്രകടിപ്പിക്കുന്ന ഒരു മൂർത്തിയാണ് ഇത്. ശാന്തരൂപത്തിലാണ് തുടങ്ങുന്നത്. പിന്നീട് രൗദ്രഭാവം കൈകൊണ്ട് നൃത്തം ചെയ്യും. ശുംഭാസുരനെയും നിശുംഭാസുരനെയും നിഗ്രഹിക്കാന്‍ ദേവി അവതാരമെടുത്തപ്പോള്‍ സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ടത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഏഴു ദേവിമാരില്‍ പ്രധാനിയാണ് വരാഹി രൂപത്തിലുള്ള പഞ്ചുരുളി എന്നാണ് വിശ്വാസം. തുളു ഭാഷയില്‍ പഞ്ചി എന്ന വാക്കിനർത്ഥം പന്നി എന്നാണ്. പഞ്ചിയുരുകാളിയാണ് പഞ്ചുരുളിയായി മാറിയതത്രെ. വടക്കേ മലാബാറിൽ വൻ സ്വീകാര്യത ഉള്ള പഞ്ചുരുളി തെയ്യം, കാന്താര എന്ന സിനിമയോടെ ലോകപ്രശസ്തമായി മാറി .
ആറ്റുകാൽ ക്ഷേത്ര ഉത്സവത്തിന് അംബ, അംബിക, അംബാലിക എന്നീ വേദികളിൽ മുഴുവൻ സമയ കലാപരിപാടികൾ സ്ഥിരമാണ്.
എന്നാൽ ഇക്കുറി ചരിത്രത്തിൽ ആദ്യമായി കലാപരിപാടികൾക്കുള്ള വേദികൾക്ക് പുറമെ അനുഷ്ഠാന കലകൾക്ക് വേദി ഒരുങ്ങുകയാണ്. അങ്ങിനെയാണ് കാന്താര എന്ന ചിത്രത്തിലൂടെ ലോകമെങ്ങും പ്രശസ്തമായ പഞ്ചുരുളി തെയ്യത്തെ ആദ്യമായി നേരിട്ട് കണ്ടനുഭവിക്കാനുള്ള അവസരമാണ് തിരുവനന്തപുരം നിവാസികൾക്ക് ലഭിച്ചിരിക്കുന്നത്.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2023 പൊങ്കാല മഹോത്സവത്തിൽ അവതരിപ്പിക്കപ്പെടുന്ന അനുഷ്ഠാന കലകൾ.
🔸തെയ്യത്തറ 🔸
മാർച്ച് ഒന്നിന് രാത്രി 07-ന് കവിയൂർ ശ്രീഭദ്ര പടയണി സംഘം പടയണി അവതരിപ്പിക്കും.
മാർച്ച് രണ്ടിന് രാത്രി 07-ന് ആറ്റിങ്ങൽ കലാവേദി ഗോപകുമാറും സംഘവും തെയ്യം അവതരിപ്പിക്കും.
മാർച്ച് മൂന്നിന് രാത്രി 07-ന് കോഴിക്കോട് തിറയാട്ട കലാസമിതിയുടെ തെയ്യാവതരണത്തിൽ കാന്താര തെയ്യത്തിനൊപ്പം,
രക്തചാമുണ്ഡി തെയ്യം, നാഗഭഗവതിതെയ്യം, പൊട്ടൻതെയ്യം, കനലാട്ടം എന്നിവയുണ്ടായിരിക്കും.
Comments