ആക്ഷൻരംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിന്ത്യൻ താരസുന്ദരി സാമന്ത റൂത്ത് പ്രഭുവിന് പരിക്ക്. പുതിയ ചിത്രം സിറ്റാഡലിന്റെ സെറ്റിൽ വെച്ചാണ് നടിയ്‌ക്ക് പരിക്ക് പറ്റിയത്. കൈകളിൽ മുറിവുകളുള്ള ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത് താരം തന്നെയാണ്. രക്തകറകളും മുറിവുകളുമുള്ള കൈകളുടെ ചിത്രമാണ് സാമന്ത സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്. ‘പേർക്സ് ഓഫ് ആക്ഷൻ’ എന്നാണ് ചിത്രം പങ്കുവച്ച് താരം കുറിച്ചത്.
അതേസമയം മയോസൈറ്റിസ് എന്ന രോഗാവസ്ഥയുമായി പൊരുതുമ്പോഴും ആരാധകർക്കായി ഫിറ്റ്നസ് വീഡിയോകളും സാമന്ത പങ്കുവയ്‌ക്കാറുണ്ട്. അപൂർവമായുണ്ടാകുന്ന മയോസിറ്റിസ് രോഗത്തെ തുടർന്ന് സാമന്ത അടുത്തിടെ ജോലിയിൽ നിന്ന് ഇടവേള എടുത്തിരുന്നു. ഇതിൽ നിന്നും കരകയറുന്നതിനിടെയാണ് നടി വീണ്ടും അഭിനയം തുടർന്നത്.
സിറ്റാഡലിനായി ആക്ഷൻ രംഗങ്ങൾക്കായി കഠിനമായി പരിശീലിക്കുകയാണ് സാമന്ത. അടുത്തിടെ, സ്റ്റണ്ട്മാനും ആക്ഷൻ-സംവിധായകനുമായ യാനിക്ക് ബെന്നുമായുള്ള പരിശീലനത്തിന്റെ വീഡിയോ നടി പങ്കുവെച്ചിരുന്നു. ഈയിടെ നൈനിറ്റാളിൽ ഷൂട്ടിങ്ങിനെത്തിയ താരം, എട്ടു ഡിഗ്രി സെൽഷ്യസിലും ഷൂട്ടിൽ നിന്ന് ഇടവെളയെടുക്കാൻ തയാറല്ലായിരുന്നു. സാമന്തയുടെ ഈ പോരാട്ടത്തിൽ വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്.
സാമന്തയുടെ റിലീസിനെത്തുന്ന പുതിയ ചിത്രം ‘ശാകുന്തളം’ ആണ്. ഏപ്രിൽ 14ന് ചിത്രം തിയേറ്റിലെത്തും. ചിത്രം ഫെബ്രുവരി 17നു ആദ്യം റിലീസ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാൽ നീളുകയായിരുന്നു.
Comments