തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല(കെടിയു) വിസി ഡോ.സിസ തോമസിനെതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്‍റ് ഡയറക്ടർ തസ്തികയിൽ നിന്നും സിസ തോമസിനെ മാറ്റി. പകരം, കെടിയു വിസി സ്ഥാനത്ത് നിന്നും സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ. എം.എസ് രാജശ്രീയെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
സിസ തോമസിന് പുതിയ നിയമനമൊന്നും സർക്കാർ നൽകിയിട്ടില്ല. പുതിയ തസ്തിക പിന്നീട് അനുവദിക്കുമെന്നാണ് സർക്കാരിന്റെ വാദം. സാങ്കേതിക വകുപ്പിൽ സീനിയർ ജോയിന്‍റ് ഡയറക്ടറായിരിക്കെയാണ് സിസ തോമസിനെ ഗവർണർ കെടിയു വിസിയാക്കിയത്. ഇതിന് പിന്നാലെ സിസ തോമസിനെതിരായ നീക്കങ്ങൾ സർക്കാർ ആരംഭിച്ചിരുന്നു. സിസ തോമസിനെ വിസി ആക്കികൊണ്ടുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും, റദ്ദാക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.
സിസ തോമസിന്റെ നിയമനം സ്‌റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയത് പിണറായി സർക്കാരിനേറ്റ വലിയ തിരിച്ചടിയായിരുന്നു. ഗവർണറുടെ ഉത്തരവ് പ്രകാരം ചുമതല ഏറ്റെടുക്കാനെത്തിയ സിസ തോമസിനെ എസ്എഫ്‌ഐ പ്രവർത്തകരും സർവകലാശാലയിലെ ജീവനക്കാരും ചേർന്ന് തടഞ്ഞതും സർക്കാരിന്റെ പ്രതികാര മനോഭാവം വെളിപ്പെടുത്തി. അതിന്റെ ഭാഗം തന്നെയാണ് സീനിയർ ജോയിന്‍റ് ഡയറക്ടർ തസ്തികയിൽ നിന്നും സിസയെ വെട്ടിയതും.
നിലവിൽ വിസി സ്ഥാനത്ത് തുടരുന്നതിന് സിസ തോമസിന് തടസ്സമില്ല. എന്നാൽ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സിസ തോമസിന്റെ പുതിയ നിയമനം തിരുവനന്തപുരം ജില്ലയ്‌ക്ക് പുറത്താണെങ്കിൽ സാങ്കേതിക പ്രശ്നങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഗവർണറുടെ തീരുമാനത്തെയും കോടതിയുടെ ഉത്തരവിനെയും പുതിയ നീക്കത്തിലൂടെ ചെറുക്കാമെന്നാണ് സിപിഎമ്മും സർക്കാരും വിലയിരുത്തുന്നത്.
Comments