ഏപ്രിൽ 22-ന് ആരംഭിക്കുന്ന ചാർധാം യാത്രയ്‌ക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചിരുന്നു. പുറത്തു വിട്ട പുതിയ ഉത്തരവ് പ്രകാരം ഇവിടെയെത്തുന്നവർക്ക് രജിസ്‌ട്രേഷൻ കർശനമാക്കിയിരിക്കുകയാണ്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാത്ത ആർക്കും യാത്രാനുമതി നൽകില്ലെന്നതാണ് സർക്കാർ നിലപാട്.
രജിസ്റ്റട്രേഷന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
https://regitsrationandtouristcare.uk.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് യാത്രയ്‌ക്ക് രജിസ്റ്റർ ചെയ്യേണ്ടത്. നിലവിൽ അക്കൗണ്ട് ഉള്ളവർക്ക് ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യാനും മറ്റുള്ളവർക്ക് നേരിട്ട് രജിസ്‌ട്രേഷനിലേക്ക് കടക്കാനും സാധിക്കും. രജിസ്‌ട്രേഷൻ പൂർത്തീകരിക്കുന്നവർ ശരിയായ മൊബൈൽ നമ്പറും മുഴുവൻ പേരും നൽകിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ കുടുംബാംഗങ്ങളെ മുഴുവൻ ഉൾക്കൊള്ളിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.
പുതിയ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നവർ കൃത്യമായ പാസ് വേർഡും നൽകേണ്ടതുണ്ട്. സൈൻ ഇൻ ചെയ്തതിന് ശേഷം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ വ്യക്തിയുടെ പേരിൽ ഒരു ഡാഷ്‌ബോർഡ് കാണാവുന്നതാണ്. ഇതിൽ ക്രിയേറ്റ് അല്ലെങ്കിൽ മാനേജ് യുവർ ടൂർ എന്ന ഓപ്ഷനിലൂടെ യാത്രികർക്ക് തങ്ങളുടെ യാത്രകൾ പ്ലാൻ ചെയ്യുവാൻ സാധിക്കും. ഇതിന്റെ ഭാഗമായി ഏത് തരത്തിലുള്ള യാത്രയാണ് ഉദ്ദേശിക്കുന്നതെന്നും പോകുവാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ, ഒപ്പമുള്ള യാത്രക്കാരെ സംബന്ധിച്ച വിവരങ്ങൾ തിയതികൾ എന്നിവ രേഖപ്പെടുത്തേണ്ടതുണ്ട്.
ഇത്രയും വിവരങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം സേവ് ചെയ്താൽ മാത്രമാണ് രജിസ്‌ട്രേഷനുള്ള ഓപ്ഷൻ ലഭിക്കുക. പോകുവാൻ സാധിക്കുന്ന സ്ഥലങ്ങളുടെ വിശദവിവരങ്ങൾ ഇവിടെ നിന്നാണ് ലഭിക്കുക. ആവശ്യ വിവരങ്ങൾ ഉൾപ്പെടുത്തി ഇവിടം പൂരിപ്പിക്കണം. വിജയകരമായി ഇതും പൂർത്തീകരിച്ചതിന് ശേഷമാവും രജിസ്‌ട്രേഷൻ ചെയ്തുവെന്ന് തെളിയിക്കുന്ന രേഖകൾ ലഭിക്കുന്നത്. യാത്രയ്‌ക്കൊരുങ്ങുമ്പോൾ ക്യൂ ആർ കോഡ് ഉൾപ്പെട്ടിട്ടുള്ള ഈ രേഖ പ്രിന്റ് എടുത്താണ് സൂക്ഷിക്കേണ്ടത്.
ഇതിനോടൊപ്പം തന്നെ രജിസ്‌ട്രേഷൻ ഐഡി ഉൾപ്പെടുന്ന ഒരു എസ്.എം.എസും നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ലഭിക്കും. വേരിഫിക്കേഷന് ശേഷം ഒരു ‘യാത്രി’ സർട്ടിഫിക്കറ്റും ഇതിനൊപ്പം ലഭിക്കും. യാത്ര സംബന്ധിച്ച് കൂടുതൽ സഹായങ്ങൾക്കായി ഉത്തരാഖണ്ഡ് ടൂറിസ്റ്റ് കെയർ എന്ന ആപ്പും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Comments