അഗർത്തല: ത്രിപുരയിൽ കേവല ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിച്ച് ബിജെപി. നിലവിൽ 34 സീറ്റുകളിൽ ബിജെപി- ഐടിഎഫ്പി സഖ്യം മുന്നേറുന്നുണ്ട്. സിപിഎം- കോൺഗ്രസ് സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഇരു ദേശീയ പാർട്ടികളും ഒന്നിച്ചിട്ടും കേവലം 15 സീറ്റുകളിൽ പ്രകടനം ഒതുങ്ങി. തിപ്രാമോത്ത പാർട്ടി 11 സീറ്റുകളിലും സാന്നിദ്ധ്യമറിയിച്ചു.
നാഗാലാൻഡിൽ ബിജെപി സഖ്യത്തിന്റെയും സർവ്വാധിപത്യമാണ് വോട്ടെണ്ണി തുടങ്ങിയത് മുതൽ കാണാൻ സാധിച്ചത്. പ്രതിപക്ഷം അപ്രസക്തമായി. ദേശീയ ജനാധിപത്യ സഖ്യം 40 സീറ്റുകൾ നേടി. എൻപിഎഫിന് കേവലം മൂന്ന് സീറ്റാണ് നേടാൻ സാധിച്ചത്. മറ്റുള്ള പാർട്ടികളും സ്വതന്ത്രരും ചേർന്ന് 17 സീറ്റുകളും കരസ്ഥമാക്കി.
മേഘാലയയിൽ എൻപിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 25 സീറ്റുകൾ ഭരണകക്ഷി സ്വന്തമാക്കി. ബിജെപി, തൃണമൂൽ, കോൺഗ്രസ് എന്നിവർ അഞ്ച് സീറ്റുകൾ വീതം നേടി. സഖ്യങ്ങൾ ഇല്ലാതെ സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും ഒറ്റയ്‌ക്കാണ് ബിജെപി മത്സരിച്ചത്. നിലവിൽ രണ്ട് അംഗങ്ങൾ മാത്രമായിരുന്നു സഭയിൽ ബിജെപിയ്‌ക്ക് ഉണ്ടായിരുന്നത്.
മേഘാലയയിൽ കോൺഗ്രസ് തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. 2018ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന കോൺഗ്രസ് ഇപ്പോൾ വെറും നാല് സീറ്റുകളിൽ ഒതുങ്ങി. നാഗാലാൻഡിൽ ഒരു സീറ്റിൽപോലും നിലംതൊടാനും സാധിച്ചില്ല.
















Comments