ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒടിടി റിലീസ് പ്രഖ്യാപിച്ച് ചതുരം. 2022-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഒടിടി റിലീസ് കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. സമീപകാലത്ത് ഒരു വലിയ കാത്തിരിപ്പുതന്നെ ഉയർത്തിയ ചിത്രമാണ് ചതുരം. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സൈന പ്ലേ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം എത്തുന്നതെന്ന വിവരം രണ്ടാഴ്ച മുൻപ് പുറത്തെത്തിയിരുന്നു. എന്നാൽ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ ഒരു പുതിയ ട്രെയ്‌ലറിനൊപ്പമാണ് റിലീസ് തീയതി പുറത്ത് വിട്ടിരിക്കുന്നത്. മാർച്ച് 9 ന് ചിത്രം ഒടിടിയിലെത്തും.
കഴിഞ്ഞ വർഷം നവംബറിൽ തിയറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ രചന സിദ്ധാർഥ് ഭരതനും വിനോയ് തോമസും ചേർന്നായിരുന്നു. ശാന്തി ബാലചന്ദ്രൻ, നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രീൻവിച്ച് എൻറർടെയ്ൻമെൻറ്‌സ്, യെല്ലോ ബേഡ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വിനീത അജിത്ത്, ജോർജ് സാൻറിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
Comments