ന്യൂഡൽഹി: ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്രട്ടറിയും ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഭീകരരെ പട്ടികപ്പെടുത്തുന്നതിനെ പോലും രാഷ്ട്രീയവത്കരിക്കുന്ന രീതി യോഗത്തിൽ ചർച്ചയായി. ഇത് ചൈനയ്ക്ക് നൽകുന്ന സന്ദേശമാണെന്നും ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് (ക്വാഡ്) യോഗത്തെക്കുറിച്ച് സംസാരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ 1267 അൽ-ഖ്വായ്ദ ഉപരോധ സമിതിയുടെ കീഴിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരരെ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെയും സഖ്യകക്ഷികളുടെയും നീക്കത്തെ തടഞ്ഞ ചൈനയ്ക്ക് നേരിട്ട് നൽകുന്ന സന്ദേശമാണിത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-ത്വായ്ബ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ ചൈന തടഞ്ഞതാണ് ഏറ്റവും ഒടുവിൽ നടന്ന സംഭവം. ഇത്തരം പ്രതിബന്ധങ്ങളെ തരണം ചെയ്ത് കഴിഞ്ഞ ജനുവരിയിൽ മക്കിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതിനെതിരെ ചൈന നിരന്തരമായുണ്ടാക്കിയ തടസങ്ങൾ വിസ്മരിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി ഓർമ്മിപ്പിച്ചു.
സുരക്ഷിതമായ ഇന്തോ-പസഫിക്ക് നടപ്പിലാക്കുന്നതിന് പുറമേ, ഭീകരതയെ ചെറുക്കുന്നതിന് വേണ്ടി തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരു വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുമെന്നും ക്വാഡ് പ്രഖ്യാപിച്ചു. ഭീകരതയെ ഏത് രൂപത്തിൽ പ്രകടിപ്പിച്ചാലും അത്തരം തീവ്രവാദ നീക്കങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്നും എസ്. ജയശങ്കർ പറഞ്ഞു.
















Comments