തൃത്താല : കെ റെയില്‍ നിലവില്‍ വന്നാലുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് പാലക്കാട് എവിടെയാണ് കെ റെയിലിന് സ്റ്റോപ്പെന്ന ചോദ്യവുമായി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ .സഖാവ് എം വി ഗോവിന്ദന്റെ അപ്പക്കണക്കാണ് സഖാക്കളുടെ പുതിയ കെ-റെയിൽ ന്യായീകരണ ക്യാപ്സൂൾ .
ഗോവിന്ദൻ സഖാവ് പറയുന്നത് പ്രകാരം രണ്ടുകെട്ട് ചൂടപ്പവുമായി കൂറ്റനാട് നിന്നും ഷൊർണൂർ വന്ന് കെ-റെയിൽ വഴി എറണാകുളത്ത് അരമണിക്കൂർ കൊണ്ട് എത്തി കച്ചവടം നടത്തി ഒരു ചായയും കുടിച്ച് ഉച്ചയ്‌ക്ക് വീട്ടിലെത്തുന്ന കിനാശ്ശേരിയാണ് നമുക്ക് വേണ്ടത്. ഒന്നാമതായി ഗോവിന്ദൻ സഖാവ് ഓർക്കേണ്ടത് കെ-റെയിലിന് ഷൊർണൂരിൽ സ്റ്റോപ്പില്ല എന്നതാണ്. ഷൊർണൂരിൽ എന്നല്ല, പാലക്കാട് ജില്ലയിലെങ്ങും സംഗതിക്ക് സ്റ്റോപ്പില്ല- ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
അപ്പങ്ങളെമ്പാടും ഒറ്റയ്‌ക്ക് ചുട്ടമ്മായി…
സഖാവ് എം വി ഗോവിന്ദന്റെ അപ്പക്കണക്കാണ് സഖാക്കളുടെ പുതിയ കെ-റെയിൽ ന്യായീകരണ ക്യാപ്സൂൾ. ഗോവിന്ദൻ സഖാവ് പറയുന്നത് പ്രകാരം രണ്ടുകെട്ട് ചൂടപ്പവുമായി കൂറ്റനാട് നിന്നും ഷൊർണൂർ വന്ന് കെ-റെയിൽ വഴി എറണാകുളത്ത് അരമണിക്കൂർ കൊണ്ട് എത്തി കച്ചവടം നടത്തി ഒരു ചായയും കുടിച്ച് ഉച്ചയ്‌ക്ക് വീട്ടിലെത്തുന്ന കിനാശ്ശേരിയാണ് നമുക്ക് വേണ്ടത്.
ഒന്നാമതായി ഗോവിന്ദൻ സഖാവ് ഓർക്കേണ്ടത് കെ-റെയിലിന് ഷൊർണൂരിൽ സ്റ്റോപ്പില്ല എന്നതാണ്. ഷൊർണൂരിൽ എന്നല്ല, പാലക്കാട് ജില്ലയിലെങ്ങും സംഗതിക്ക് സ്റ്റോപ്പില്ല.
അപ്പോൾ പിന്നെ അപ്പവും ചുമന്ന് പത്തുനാല്പത് കിലോമീറ്റർ താണ്ടി തിരൂരിലോ തൃശൂരിലോ എത്തണം. അവിടെനിന്ന് കെ-റെയിൽ കയറി എറണാകുളത്ത് ചെല്ലണം. കൂറ്റനാട് നിന്ന് തൃശൂരിലേക്കും തിരൂരിലേക്കും ഏതാണ്ട് ഒന്നര മണിക്കൂർ ബസ് യാത്ര. പിന്നീട് കെ-റെയിലിൽ തിരൂരിൽ നിന്ന് 122 കിലോമീറ്റർ. ഏതാണ്ട് ഒരു മണിക്കൂറിനടുത്ത് യാത്ര. തൃശൂരിൽ നിന്നാണെങ്കിൽ 64 കിലോമീറ്റർ. ഏതാണ്ട് അരമണിക്കൂർ യാത്ര. എന്നിട്ട് കച്ചവട സ്ഥലത്ത് ചെല്ലുമ്പോഴേക്കും ചുരുങ്ങിയത് രണ്ടര മുതൽ മൂന്ന് മണിക്കൂറെങ്കിലും എടുക്കും. അപ്പോഴേക്കും തണുത്താറിയ അപ്പം ആരു വാങ്ങും സഖാവേ?
തിരികെ വീട്ടിലെത്താൻ അത്രതന്നെ സമയം.
ഇനി ചെലവോ? കെ-റെയിലിൽ നിലവിൽ പറയുന്ന കണക്ക് പ്രകാരം തൃശൂർ വഴി പോയിവരാൻ ഏതാണ്ട് 352 രൂപ. തിരൂരിൽ നിന്നാണെങ്കിൽ ഏതാണ്ട് 671 രൂപ. കെഎസ്ആർടിസി ബസ്സ് കൂലി വേറെ. പിന്നെ ഗോവിന്ദൻ മാഷ് പറയുന്ന ചായയോ വെള്ളമോ ഒക്കെ വാങ്ങാനുള്ള ചെലവ് വേറെ. കൂറ്റനാട് നിന്നും ഒരു ഓട്ടോ വല്ലതും പിടിച്ച് വീട്ടിലെത്തണമെങ്കിൽ അത് വേറെ. ഇത് യാത്രാച്ചെലവ് മാത്രമാണ്. അപ്പം ഉണ്ടാക്കുന്നതിന്റെ ചെലവ് വേറെ.
ഇനി ഗോവിന്ദൻ സഖാവ് പറയ്. ഒരു അപ്പത്തിന് എത്രരൂപ വിലയിട്ടാൽ ഈ ബിസിനിസ്സ് മുതലാകും? സ്വന്തം നാട്ടിൽ കച്ചവടം ചെയ്യുന്നതാണോ ലാഭം, അതോ “ഇല്ലാത്ത” സ്റ്റോപ്പിൽ നിന്നും യാത്ര ചെയ്യാൻ പറ്റുന്ന കെ-റെയിൽ ആണോ ലാഭം?
Comments