കഴിഞ്ഞ വർഷം ഡിസംബറിൽ പ്രദർശനമാരംഭിച്ച ചിത്രമാണ് മാളികപ്പുറം. റിലീസ് ചെയ്ത് മാസങ്ങൾ പിന്നിടുമ്പോഴും ചിത്രത്തോടുള്ള ആരാധകരുടെ പ്രിയം കുറയുന്നില്ല. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ അരങ്ങേറിയ ചിത്രം ചരിത്ര വിജയമാണ് കരസ്ഥമാക്കിയത്. ഉണ്ണിമുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയ ചിത്രം കണ്ട് മിഴി നനയാതെ തിയറ്ററിൽ നിന്നും പുറത്തിറങ്ങിയവർ ചുരുക്കമായിരിക്കും. ഉണ്ണിമുകുന്ദൻ എന്ന താരത്തിന്റെ സിനിമ ജീവിതത്തിലെ ഹിറ്റ് സിനിമയും മാളികപ്പുറമാണെന്ന് എടുത്ത് പറയേണ്ടതില്ല. എന്നാൽ പ്രദർശനം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മാളികപ്പുറത്തിലെ സുപ്രധാന രംഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ അവസാന ഭാഗമായ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിലെ വെല്ലുവിളികളും ഗാനങ്ങളുടെ ചിത്രീകരണവുമെല്ലാം വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചിത്രീകരണ വീഡിയോ പുറത്തായതോടെ നിരവധി ആരാധകരാണ് പ്രതികരണമറിയിച്ചത്.
‘ഗുഡ് വർക്ക്… ഗുഡ് റിസൾട്ട്, ഒരു സിനിമ ചെയ്യുമ്പോൾ ഓരോ വ്യക്തിയും തങ്ങളുടെ ഹൃദയവും ആത്മാവും അതിൽ വയ്‌ക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ, പരിശ്രമങ്ങളുടെ പടി കയറി ചരിത്ര വിജയത്തിന്റെ മല ചവിട്ടിയ കാഴ്ചകൾ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്.
ലിങ്ക്
2022 ഡിസംബർ 30-ന് ആണ് ഉണ്ണിമുകുന്ദന്റെ മാളികപ്പുറം റിലീസിനെത്തുന്നത്. ഫെബ്രുവരിയോടെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. അതേസമയം, ഗന്ധർവ്വ ജൂനിയർ എന്ന ചിത്രത്തിലാണ് ഉണ്ണിമുകുന്ദൻ ഇപ്പോൾ അബിനയിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറക്കുക. വിഷ്ണു അരവിന്ദന്റെ സംവിധാനത്തിലാണ് ചിത്രമൊരുങ്ങുന്നത്. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവിലൂടെ മാറി മറിയുന്ന ജീവിതം നർമ്മത്തിൽ കലർത്തി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
















Comments