ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് (80) സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ആക്ഷൻരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിൽ അറിയിച്ചു.
അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ വാരിയെല്ലിന് ക്ഷതമേറ്റതായി കണ്ടെത്തി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തി. പരിക്കുകൾ ഉള്ളതിനാൽ രണ്ടാഴ്ചത്തെ വിശ്രമം എടുക്കാൻ ഡോക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപകടത്തിൽ വാരിയെല്ലിന് ക്ഷതമേറ്റെന്ന് ബ്ലോഗിലൂടെ ബച്ചൻ തന്നെയാണ് അറിയിച്ചത്. ”രോഗമുക്തി നേടുന്നത് വരെ തന്റെ എല്ലാ ജോലികളും മാറ്റിവച്ചു. ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാൻ കുറച്ച് ആഴ്ചകൾ എടുക്കും. മുറിവുകൾ അങ്ങേയറ്റം വേദനാജനകമാണ്’ എന്ന് അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിൽ കുറിച്ചു. സംഭവത്തിന് പിന്നാലെ ‘പ്രൊജക്റ്റ് കെ’യുടെ ഷൂട്ടിംഗ് നിർത്തിവച്ചു.
പ്രഭാസ്, ദീപിക പദുക്കോൺ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയുന്ന ചിത്രമാണ് ‘പ്രൊജക്റ്റ് കെ’. സിനിമയിൽ അമിതാഭ് ബച്ചൻ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രം 2024ൽ പുറത്തിറങ്ങും.
Comments