ചെന്നൈ: ചികിത്സാ സഹായം തേടി തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ പിതാമഹന്റെ നിർമ്മാതാവ്. എവർഗ്രീൻ ഇന്റർനാഷണൽ എന്ന ചലച്ചിത്ര നിർമാണക്കമ്പനി ഉടമയായിരുന്ന വാ ദുരൈ ആണ് ചികിത്സക്കായി സഹായം തേടുന്നത്. തന്റെ ദുരിതം തുറന്ന് പറഞ്ഞുകൊണ്ട് നിർമ്മാതാവ് സമൂഹ മാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു.
സിനിമകൾ തുടരെ പരാജയപ്പെട്ടത്് വാ ദുരെയെ വലിയ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിയിട്ടിരുന്നു. സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ സുഹൃത്തിന്റെ വീട്ടിലാണ് താമസം. ചികിൽസയ്‌ക്ക് പോലും പണമില്ലാത്ത അവസ്ഥയിലാണ് ഒരു കാലത്തെ സൂപ്പർഹിറ്റ് നിർമ്മാതാവ്. അദ്ദേഹത്തിന്റെ സുഹൃത്താണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടെ നിർമ്മാതാവിന്റെ അവസ്ഥ തമിഴ് ചലച്ചിത്ര ലോകത്ത് ചർച്ചയാകുകയായിരുന്നു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ നടൻ സൂര്യ ദുരെയ്‌ക്ക് സഹായ ഹസ്തവുമായി രംഗത്തെത്തി. കാലിനേറ്റ മുറിവ് ഉണങ്ങാത്തതാണ് പ്രധാന ആരോഗ്യ പ്രശ്‌നം. ചികിൽസയ്‌ക്കായി സൂര്യ രണ്ട് ലക്ഷം രൂപയാണ് നൽകിയത്. സിനിമാ രംഗത്തെ വൻ ബാനറായ ശ്രീ സൂര്യ മൂവീസിന്റെ ഉടമസ്ഥൻ എഎം രത്‌നത്തിന്റെ സഹായി ആയിരുന്നു ദുരൈ. പല ബിഗ് ബജറ്റ് ചിത്രങ്ങളിലും നിർമ്മാണ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം സിനിമ നിർമ്മാണത്തിലേക്ക് കടക്കുകയായിരുന്നു. എന്നമ്മാ കണ്ണ്, ലൂട്ട്, പിതാമകൻ, ഗജേന്ദ്രാ, നായ്‌ക്കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് ദുരൈ നിർമ്മിച്ച ശ്രദ്ദേയ ചിത്രങ്ങൾ.
Comments