ബുന്ദിലെ രാജകുമാരിയായിരുന്നു റാണി കർണാവതി . മേവാർ രാജ്യത്തിന്റെ തലസ്ഥാനമായ ചിത്തോർഗഡിലെ റാണ സംഗ കർണാവതിയെ വിവാഹം കഴിച്ചു. റാണാ വിക്രമാദിത്യ , റാണാ ഉദയ് സിംഗ് എന്നിവരുടെ അമ്മയും മഹാറാണാ പ്രതാപിന്റെ മുത്തശ്ശിയുമായിരുന്നു അവർ . 1527 മുതൽ 1533 വരെ കാലത്ത് അവർ റീജന്റായി സേവനമനുഷ്ഠിച്ചു.
എ ഡി 1526- ൽ ബാബർ ഡൽഹിയുടെ സിംഹാസനം പിടിച്ചടക്കിയതിനുശേഷം, റാണ സംഗ ബാബറിനെതിരെ രജപുത്ര രാജാക്കന്മാരുടെ കൂട്ടായ്മ ഉണ്ടാക്കുകയും ബാബറിനെതിരെ ശക്തമായ പോരാട്ടം നടത്തുകയും ചെയ്തു. . ബയാന യുദ്ധത്തിൽ ബാബറിനെ പരാജയപ്പെടുത്തുന്നതിൽ റാണ വിജയിച്ചു, എന്നാൽ ഖനുവ യുദ്ധത്തിൽ ബാബറിന്റെ മികച്ച തന്ത്രങ്ങൾ, പീരങ്കികൾ എന്നിവ കാരണം അദ്ദേഹം പരാജയപ്പെട്ടു, പിന്നീട് ബാബർ അയച്ച ചാരന്മാർ റാണ സംഗയെ വിഷം നൽകി ചതിച്ചു കൊലപ്പെടുത്തി.
റാന്ന സംഗയുടെ മരണത്തെ തുടർന്ന് റാണി കർണാവതി രാജ്യഭരണം ഏറ്റെടുത്തു. ഇതിനിടയിൽ, ഗുജറാത്തിലെ ബഹദൂർ ഷാ രണ്ടാം തവണയും മേവാർ ആക്രമിച്ചു.
റാണി കർണാവതി തന്റെ മക്കളെ ബുണ്ടിയിലേക്ക് അയക്കുകയും അവരെ ബഹദൂർ ഷായിൽ നിന്ന് സംരഷിക്കുകയും ചെയ്തു. വിരലിലെണ്ണാവുന്ന സൈനികരോടൊത്ത് തന്റെ നാടിനേയും നാട്ടുകാരേയും ചിത്തോർഗഡ് കോട്ടയേയും സംരക്ഷിക്കുന്നതിനായി ബഹദൂർ ഷായുമായി ഉജ്ജ്വലമായ പോരാട്ടം നടത്തി. എന്നാൽ എണ്ണത്തിൽ കുറവായ
ചിത്തോർഗഡ് സൈനികർക്ക് ബഹദൂർ ഷായുടെ കൂറ്റൻ സൈന്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ സാധിച്ചില്ല. അവർ പിറന്ന നാടിന് വേണ്ടി പൊരുതി വീണു. ബഹദൂർ ഷാ ചിത്തോർ ഗഡിൽ പ്രവേശിച്ച് കൊള്ളയും കൊള്ളി വെപ്പും നടത്തിക്കൊണ്ട് കോട്ട ലക്ഷ്യമാക്കി നീങ്ങി.
തോൽവി ആസന്നമാണെന്ന് മനസ്സിലാക്കിയ കർണാവതിയും കൊട്ടാരത്തിലെ മറ്റ് സ്ത്രീകളും ബഹദൂർ ഷായെന്ന കശ്മലന്റെ അധീനതയിൽ തങ്ങൾ അകപ്പെടാതിരിക്കാൻ 1534 മാർച്ച് 8 ന് ജൗഹർ അനുഷ്ഠിച്ചു. ഉയിർത്തിപ്പിടിച്ച ശിരസ്സും പുഞ്ചിരിക്കുന്ന മുഖവുമായി കർണാവതിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് സ്ത്രീകൾ അഗ്നി കുണ്ഡത്തിലേക്ക് നടന്നു നീങ്ങി…
നൂറ്റാണ്ടുകൾക്ക് മുന്നേ തന്നെ വീരതയുടെ പ്രതീകമായി മാറിയ കർണാവതിയെ പോലെയുള്ള നൂറുകണക്കിന് സ്ത്രീ രത്നങ്ങളുടെ നാടാണ് ഭാരതം.
ഇന്ന് ലോക വനിത ദിനം ആചരിക്കുമ്പോൾ … വിസ്മരിക്കപ്പെട്ടുപോയ ആ ധീര വനിതകൾക്ക് പ്രണാമങ്ങൾ അർപ്പിക്കാം..
Comments