കൊച്ചി: ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ നാളെയും മറ്റന്നാളും (മാർച്ച് 9, 10) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അതേസമയം എസ്എസ്എൽസി, പ്ലസ് ടു ഉൾപ്പെടെയുള്ള ക്ലാസുകളിലെ പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. തീപിടിത്തത്തെ തുടർന്ന് മേഖലയിലുള്ളവർക്ക് ആരോഗ്യപരമായി നിരവധി പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. അങ്കണവാടികൾ, കിന്റർഗാർട്ടൻ, ഡേ കെയർ സെന്ററുകൾ, സർക്കാർ, എയ്ഡഡ്, അൺ – എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ എന്നിവയ്‌ക്കും അവധി ബാധകമാണ്.
ഇതുവരെയും മാലിന്യ പ്ലാന്റിലെ തീ പൂർണ്ണമായും കെടുത്താനായിട്ടില്ല. നാവിക സേനയും അഗ്നിരക്ഷാസേനയും സംയുക്തമായി തീയണയ്‌ക്കാനുള്ള ദൗത്യം തുടരുകയാണ്. മാർച്ച് രണ്ടിന് രാത്രിയിലായിരുന്നു ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. ഒരാഴ്ച പിന്നിട്ടിട്ടും തീയണയ്‌ക്കാൻ സാധിക്കാത്തതിനാൽ സർക്കാരിന്റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനമുയരുകയാണ്.
Comments