ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായി ഉയർത്തിയ ആരോപണങ്ങൾ നുണയാണെന്ന് പറയാൻ തന്നോട് ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ്. ഇതിനായി 30 കോടി രൂപ വാഗ്ദാനം നൽകിയെന്നും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ അയച്ചയാൾ എത്തി ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സ്വപ്നയുടെ പ്രതികരണം.
“കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് എനിക്ക് ഒരു അജ്ഞാത കോൾ വന്നിരുന്നു. വിജയ് പിള്ള എന്ന് പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശിയാണ് വിളിച്ചത്. എന്റെ ഇന്റർവ്യൂ വേണമെന്ന് അയാൾ ആവശ്യപ്പെട്ടു. ഇതിനായി ബെംഗളൂരുവിൽ വരാമെന്നും പറഞ്ഞു. നിരന്തരം ആവശ്യപ്പെട്ടപ്പോൾ കൂടിക്കാഴ്ചയ്ക്ക് ഞാൻ തയ്യാറായി. മക്കളോടൊപ്പം അയാൾ നിർദേശിച്ച ഹോട്ടലിൽ എത്തി. അവിടെ ലോബിയിൽ ഇരുന്ന് സംസാരിച്ചു. ആദ്യത്തെ രണ്ട് മിനിറ്റ് അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെട്ടതിന് ശേഷം അയാൾ ഒരു സെറ്റിൽമെന്റ് ടോക്ക് ആരംഭിച്ചു.
ഒരാഴ്ചത്തെ സമയം സ്വപ്നയ്ക്ക് തരാം, മക്കളെയും കൊണ്ട് ഇവിടെ നിന്ന് സ്ഥലം വിടുക. ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ മാറുക. അവിടെ വേണ്ട എല്ലാ അസിസ്റ്റൻസും തരാം. ഫ്ളാറ്റ് എടുത്ത് തരാം.. പകരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ എല്ലാ തെളിവുകളും അവർക്ക് കൈമാറണം. ക്ലൗഡിലോ മറ്റെവിടെയെങ്കിലുമോ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ആക്സസ് കൊടുക്കുക. അത് നശിപ്പോളാം.. എന്ന് വിജയ് പിള്ള പറഞ്ഞു.
ഇക്കാര്യം പറഞ്ഞ് മനസിലാക്കിപ്പിക്കാൻ വേണ്ടി പ്രത്യേകം പറഞ്ഞുവിട്ടതാണ് തന്നെയെന്നും വിജയ് പിള്ള വ്യക്തമാക്കി. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രത്യേക നിർദേശമുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ഒന്നും അംഗീകരിക്കാൻ സ്വപ്ന സുരേഷ് തയ്യാറായില്ലെങ്കിൽ, ബെംഗളൂരു വിടാമെന്ന് സ്വപ്ന തീരുമാനിച്ചില്ലെങ്കിൽ ഒരു കാരണവശാലും വീണ്ടുമൊരു സെറ്റിൽമെന്റ് സംസാരത്തിന് വരികയില്ലെന്നാണ് ഗോവിന്ദന്റെ നിർദേശം. ഒത്തുതീർപ്പിന് ഒരുങ്ങിയില്ലെങ്കിൽ എന്റെ ആയുസിന് ദോഷം വരുത്തുമെന്ന് അവർ പറഞ്ഞു. വ്യക്തമായ ഭീഷണിയായിരുന്നു അത്.
വീണ, മുഖ്യമന്ത്രി തുടങ്ങി ആർക്കൊക്കെ എതിരെ ഞാൻ സംസാരിച്ചിട്ടുണ്ടോ അതെല്ലാം നുണയാണെന്ന് പറഞ്ഞ്, ജനങ്ങളോട് ക്ഷമ ചോദിച്ച് ഇവിടെ നിന്ന് മുങ്ങണം. ഒരുമാസത്തിനുള്ളിൽ ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ടും വിസയും തരും. മലേഷ്യയിലേക്കോ യുകെയിലേക്കോ പോകാനുള്ള എല്ലാം റെഡിയാക്കി തരാം. പിന്നെയൊരിക്കലും സ്വപ്ന സുരേഷ് ജീവിച്ചിരിക്കുന്നുണ്ടെന്നോ എവിടെയാണ് ഇപ്പോഴുള്ളതെന്നോ കേരളത്തിലെ ജനങ്ങൾ അറിയാൻ പാടില്ല. സെറ്റിൽമെന്റ് തുകയായി 30 കോടി തരാം. എവിടെയെങ്കിലും പോയി ജീവിച്ചോളണം. അതിന് വേണ്ട സഹായങ്ങൾ എല്ലാം തരാം. മുഖ്യമന്ത്രിയും മകളും പാർട്ടി സെക്രട്ടറിയും എല്ലാം ചേർന്ന് സഹായിക്കാമെന്നും എന്നോട് പറഞ്ഞു.
മരണം ഉറപ്പാണെന്ന് അതിൽ നിന്ന് മനസിലായി. കാരണം സ്വപ്നയ്ക്ക് ഒരു അച്ഛനേയുള്ളൂ. അവസാനം വരെ യുദ്ധം ചെയ്യുമെന്ന് തീരുമാനിച്ചാണ് ഇറങ്ങി തിരിച്ചത്. എന്റെ ആരോപണങ്ങൾക്ക് പിന്നിൽ യാതൊരു പൊളിറ്റിക്കൽ അജണ്ടയുമില്ല. ഈ സാഹചര്യത്തിൽ എന്നെയും എന്റെ മക്കളെയും നശിപ്പിച്ച് കളയുമെന്ന് വീണ്ടും ഒരാൾ വന്ന് പറഞ്ഞിരിക്കുകയാണ്. ഗോവിന്ദൻ മാഷ് എന്നെ തീർത്ത് കളയുമെന്ന് വ്യക്തമായി അറിയിച്ചു.”
Comments