ന്യൂഡൽഹി: രാജ്യത്തെ റെയിൽ ഗതാഗതത്തെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം. രണ്ട് വർഷത്തിനുള്ളിൽ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ നിരത്തിലിറക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സ്ലീപ്പർ സൗകര്യങ്ങൾ ഉൾപ്പെടെ ഓട്ടേറെ സൗകര്യങ്ങളുമായാകും വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറങ്ങുക.
വന്ദേ ഭാരതതിന്റെ ആദ്യ സ്ലീപ്പർ ട്രെയിനുകൾ അടുത്ത വർഷം ഒന്നാം പാദത്തിൽ തന്നെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ചെന്നൈ, ബെംഗളൂരു, മൈസൂരു, വിശാഖപട്ടണം, ഡൽഹി, മുംബൈ, അഹമ്മദാബാദ്, കാൺപൂർ, വാരണാസി എന്നീ നഗരങ്ങളിലാണ് വന്ദേഭാരത് ട്രെയിനുകൾ നിലവിൽ സർവീസ് നടത്തുന്നത്. വരും മാസങ്ങളിൽ തന്നെ കൂടുതൽ അതിവേഗ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് റെയിൽ മന്ത്രാലയം നൽകുന്ന വിവരം.
പുതിയ ട്രെയിനുകളുടെ നിർമ്മാണത്തിനായി ടാറ്റാ സ്റ്റീലുമായി റെയിൽവേ മന്ത്രാലയം കരാർ ഒപ്പുവെച്ചിട്ടുണ്ട്. എച്ച്എൽബി പ്ലാറ്റ്‌ഫോമുകൾക്കുമുള്ള കരാറിലും ഒപ്പുവെച്ചു. കമ്പനിയുമായി സഹകരിച്ച് 2023-ൽ 22 അതിവേഗ ട്രെയിനുകളാകും നിർമ്മിക്കുക. 2024-ന്റെ ആദ്യ പാദത്തിലാകും വന്ദേ ഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുക. ഫസ്റ്റ് ക്ലാസ് എസി മുതൽ ത്രീ ടയർ എസി വരെയുള്ള കോച്ചുകളുടെ സീറ്റുകൾ നിർമിക്കുന്നതും ടാറ്റാ സ്റ്റീൽ തന്നെയായാണ്. ഇതിനായി റെയിൽവേ ഏകദേശം 145 കോടി രൂപയുടെ ടെൻഡർ ടാറ്റ സ്റ്റീലിന് നൽകിയിട്ടുണ്ട്.
പുറത്തെ കാഴ്ചകൾ കാണുന്നതിന് 180 ഡിഗ്രിയിൽ കറങ്ങാവുന്ന തരത്തിലാണ് ട്രെയിനുകളുടെ സീറ്റുകൾ ഒരുക്കുന്നത്.ഭാവിയിൽ വന്ദേ ഭാരത് ട്രെയിനുകൾ അലുമിനിയത്തിലാകും നിർമ്മിക്കുകയെന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബി.ജി. മല്ലയ്യ വ്യക്തമാക്കി. അലുമിനയം നിർമ്മിതമായ ട്രെയിനുകൾ പുറത്തിറക്കുന്നതോടെ ഭാരം കുറഞ്ഞ കോച്ചുകൾ യാഥാർത്ഥ്യമാകും. ഇത് വഴി ഊർജ്ജ ലാഭമാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷമായി സ്റ്റീൽ നിർമ്മിത വന്ദേ ഭാരത് ട്രെയിനുകളാണ് നിരത്തിലോടുന്നത്.
















Comments