സുജയ പാർവതിയുടെ സസ്പെൻഷൻ; പ്രതിഷേധം കടുപ്പിച്ച് ബിഎംഎസ്; 24 ന്യൂസ് ആസ്ഥാനത്തേക്ക് മാർച്ച്

Published by
Janam Web Desk

എറണാകുളം: ബിഎംഎസ് സംഘടിപ്പിച്ച വനിതാ സംഗമത്തിൽ പങ്കെടുത്തതിന് പിന്നാലെ ന്യൂസ് എഡിറ്റർ സുജയ പാർവതിയെ സസ്പെൻഡ് ചെയ്തതിൽ 24 ന്യൂസ് ചാനലിനെതിരെ പ്രതിഷേധവുമായി ബിഎംഎസ്. മാർച്ച് 13 ന് കൊച്ചിയിലെ 24 കോർപ്പറേറ്റ് ഓഫീസിലേക്ക് ബിഎംഎസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തും. സ്ഥാപനത്തിന്റെ ഭാഗമായി പ്രവർത്തുക്കുന്ന മാദ്ധ്യമ പ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ റാലി.

വനിതാ ദിനത്തോട് അനുബന്ധിച്ച് സംഘടന സംഘടിപ്പിച്ച വനിതാ സമ്മേളനത്തിൽ പങ്കെടുത്തതിന് സുജയ പാർവതിയ്‌ക്ക് നേരെ കൈക്കൊണ്ടിരിക്കുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലായെന്ന് ബിഎംഎസ് വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചതിനാണ് നടപടിയെന്നും സംസ്ഥാനത്തെ ഏറ്റവും പ്രമുഖ മാദ്ധ്യമ പ്രവർത്തകയ്‌ക്ക് പോലും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടാണ് 24 മാനേജ്മെന്റ് സ്വീകരിക്കുന്നതെന്നും ബിഎംഎസ് അഭിപ്രായപ്പെട്ടു. സുജയ പാർവതിയ്‌ക്കെതിരായ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും മാദ്ധ്യമ പ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുമാണ് തിങ്കളാഴ്ച 24 ആസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നതെന്നും ബിഎംഎസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മാർച്ച് 8 ന് വനിതാ ദിനത്തോട് അനുബന്ധിച്ച് ബിഎംഎസ് തൃപ്പുണ്ണിത്തുറയിൽ സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് 24 ന്യൂസ് ചാനൽ ന്യൂസ് എഡിറ്റർ സുജയ പാർവതി പങ്കെടുത്ത് സംസാരിച്ചത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നത് ഒരിക്കലും തെറ്റായി കാണുന്നില്ലായെന്ന് സുജയ ചടങ്ങിൽ അഭിപ്രായപ്പെട്ടു. തന്റെ വിശ്വാസങ്ങളെയും നിലപാടുകളെയും ജോലിയുടെ പോരിൽ താൻ അടിയറവ് വെച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചുരുക്കം കാലയളവ് കൊണ്ട് രാജ്യം കൈവരിച്ച വലിയ നേട്ടങ്ങൾ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലായെന്നും സുജയ പറഞ്ഞു.

എന്നാൽ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ സുജയയെ ചാനൽ സസ്പെൻഡ് ചെയ്തതായുള്ള വാർത്തകൾ പുറത്തുവരുകയായിരുന്നു.

Share
Leave a Comment