ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയിലേക്ക് ഓസ്‌കർ എത്തിയിരിക്കുകയാണ്. ഡോക്യു ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള എലിഫന്റ് വിസ്‌പേഴ്‌സിന് അവാർഡ് അപ്രതീക്ഷിതമായി ലഭിക്കുമ്പോഴും എല്ലാവരും ഉറ്റുനോക്കിയിരുന്നത് ആർആർആർ ന്റെ ഓസ്‌കർ നേട്ടത്തിനായിരുന്നു. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവാർഡ് ഒർജിനൽ സോംഗ് വിഭാഗത്തിൽ പ്രഖ്യാപിച്ചപ്പോൾ നാട്ടു നാട്ടുവിന്റെ പുരസ്‌കാര നേട്ടം ഇന്ത്യയ്‌ക്ക് ഇരട്ടി മധുരം പകർന്നു.
ഓസ്‌കർ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ സദസ്സിന്റെ ഏറ്റവും പിന്നിൽ ഉണ്ടായിരുന്നു സംവിധായകൻ രാജമൗലി. ഒപ്പം ഭാര്യ രമയും മകൻ കാർത്തികേയയും മരുമകൾ പൂജയും. ഒറിജിനൽ സോംഗ് വിഭാഗത്തിൽ നാട്ടു നാട്ടുവിന് അവാർഡ് ലഭിച്ചപ്പോൾ തുള്ളിച്ചാടിയാണ് സംവിധായകൻ ആഘോഷിച്ചത്. തനിക്കും തന്റെ മകനും കീരവാണി മൈക്കിലൂടെ നന്ദി പറയുമ്പോഴും ഹർഷാരവങ്ങളോടെ സദസ്സിൽ നിൽക്കുകയായിരുന്നു കീരവാണിയെ വീണ്ടും കൈപിടിച്ചുയർത്തിയ രാജമൗലി എന്ന സംവിധായകൻ.
The team supporting #RRR goes wild as "Naatu Naatu" wins best song at the #Oscars pic.twitter.com/mgiNfkj8db
— The Hollywood Reporter (@THR) March 13, 2023
കരിയർതന്നെ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞ് കീരവാണി വിടവാങ്ങിയപ്പോൾ വീണ്ടും തന്റെ സിനിമകളിൽ അവസരം നൽകി കൈ പിടിച്ചുയർത്തിയത് രാജമൗലിയാണ്. 2009 ൽ മഗധീരയിൽ തുടങ്ങി 2022ൽ പുറത്തിറങ്ങിയ ആർആർആർ വരെ നീണ്ടുനിൽക്കുന്ന രാജമൗലിയുടെ വിജയഗാഥയിൽ കീരവാണിയെയും മൗലി ഒപ്പം കൂട്ടി. അതുകൊണ്ടുതന്നെയാണ് ഓസ്‌കർ സ്വീകരിച്ച് നടത്തിയ നന്ദി പ്രകടനത്തിലും രാജമൗലിയെ ആദ്യംതന്നെ ഉൾപ്പെടുത്തിയതും. തെന്നിന്ത്യൻ സിനിമ ചരിത്രത്തിന്റെ താളുകളിൽ ഇനി എന്നും നാട്ടുനാട്ടു ഗാനവും കീരവാണിയും മിന്നിത്തിളങ്ങി നിൽക്കും.
പ്രശസ്തിയുടെ വഴിയിൽ അത്ര തിളങ്ങി നിൽക്കുന്ന വ്യക്തിത്വമല്ല എങ്കിലും അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ തന്നെ സുപരിചിതനാണ് കീരവാണി. 1987-ൽ തെലുങ്ക് സംഗീത സംവിധായകൻ കെ.ചക്രവർത്തി, മലയാളത്തിലെ സംഗീത സംവിധായകൻ സി.രാജമണി എന്നിവർക്കൊപ്പം അസിസ്റ്റന്റ് സംഗീത സംവിധായകൻ എന്ന നിലയിലാണ് കീരവാണി തന്റെ കരിയർ തുടങ്ങുന്നത്.
Comments