തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇത്രയും വലിയൊരു ദുരന്തം ഉണ്ടായിട്ടും മുഖ്യമന്ത്രി എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. തദ്ദേശ വകുപ്പ് മന്ത്രി കരാർ കമ്പനിയുടെ വക്താവായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിച്ച് മൂന്നാം ദിവസും ഒരു പ്രശ്നവുമില്ലെന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്. ഡയോക്സിൻ കലർന്ന വിഷപുകയാണ് കൊച്ചിയിലാകെ പടർന്ന് കൊണ്ടിരിക്കുന്നത്. ഇത് നമ്മുടെ രക്തത്തിൽ കലർന്നാൽ കാൻസർ, ശ്വാസകോശ രോഗങ്ങൾ, വന്ധ്യത തുടങ്ങിയ രോഗങ്ങളും ഉണ്ടാകും. കാട്ടിലെ ഇലകൾ കൊഴിക്കാൻ അമേരിക്ക ഏജന്റ് ഓറഞ്ച് എന്ന രാവസ്തു വിതറി. മൂന്ന് തലമുറ കഴിഞ്ഞിട്ടും വിയറ്റ്നാമിലെ ജനങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. അതിലുള്ള വിഷമാണ് ബ്രഹ്മപുരത്തെ വിഷപ്പുകയിലുമുള്ളത്.
വിഷപുക നിറഞ്ഞ പത്താം ദിവസം നിങ്ങൾ മാസ്ക് ധരിക്കണമെന്ന് പറഞ്ഞ ഒരു ആരോഗ്യ മന്ത്രിയാണ് നമുക്കുള്ളത്. വിഷപുക അയൽ ജില്ലകളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി മലിനമായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. ആരോഗ്യപ്രശ്നങ്ങൾ ഏതെങ്കിലും വിദഗ്ധ ഏജൻസിയെകൊണ്ട് അന്വേഷിപ്പിച്ചതുമില്ല. വിഷപ്പുക എല്ലാ അവയവങ്ങളെയും ബാധിക്കുമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പു നൽകിയത്. ഗുരുതരമായ പ്രശ്നമായിട്ടും സർക്കാർ ലഘുവായി കണ്ടു. ആർക്കും ഉത്തരവാദിത്വമില്ലാത്ത സ്ഥിതിയാണ്. എല്ലാവരും കൈ കഴുകി മാറി നിന്നു. മാലിന്യ മല ഉണ്ടാക്കിയത് യുഡിഎഫ് എന്നാണ് ഇപ്പോൾ ഇവരുടെ വാദം.
എറണാകുളത്ത് രണ്ട് ഓക്സിജൻ പാർലർ തുടങ്ങിയാൽ സർക്കാരിന്റെ ജോലി തീരില്ല. മാലിന്യം കത്തിക്കോട്ടെ എന്നാണ് സർക്കാർ ചിന്തിച്ചത്. മുഴുവൻ കത്തി തീർന്നാലേ കരാറുകാരനെ സഹായിക്കാൻ കഴിയൂ. എറണാകുളത്തെ ജനങ്ങൾക്ക് അനാഥത്വം അനുഭവപ്പെട്ടു. കൊച്ചി വിട്ടുപോകാനാണ് ജനങ്ങളോട് ആരോഗ്യവിദഗ്ധർ പറയുന്നത്.”-വിഡി സതീശൻ പറഞ്ഞു.
Comments