ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ ആകുമ്പോള്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകുക സ്വാഭാവികമാണ്. പിന്നീട് പിണക്കം മാറ്റാന്‍ പങ്കാളികൾക്ക് സമ്മാനങ്ങൾ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നവരുമുണ്ട് . ഇതൊന്നും പുതിയ കാര്യമല്ല.എന്നാല്‍ ഭാര്യയുടെ പിണക്കം മാറ്റാന്‍ ലോട്ടറി എടുത്ത് കൊടുക്കുകയും അതിന് സമ്മാനം ലഭിക്കുകയും വേണമെങ്കില്‍ ചില്ലറ ഭാഗ്യമൊന്നും പോര.അത്തരത്തില്‍ വളരെയേറെ കൗതുകമുള്ള കാര്യമാണ് കഴിഞ്ഞ ദിവസം ആസ്‌ട്രേലിയയില്‍ സംഭവിച്ചിരിക്കുന്നത്.
ന്യൂസൗത്ത് വെയ്ല്‍സിലെ ദമ്പതിമാര്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എല്ലാ ആഴ്ചയിലും ടിക്കറ്റ് വാങ്ങാറും ബെറ്റ് വെക്കാറും ഉണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഇത് ചെയ്യാന്‍ മറന്ന് പോയി. ഇതില്‍ കലിപൂണ്ട ഭാര്യ ഭര്‍ത്താവിനോട് ദിവസങ്ങളോളം മിണ്ടാതിരിക്കുകയും ചെയ്തു.
ഭാര്യയുടെ പിണക്കം മാറ്റാന്‍ കഴിഞ്ഞ ആഴ്ചയിലെ തന്റെ മറവിക്ക് പ്രായ്ശ്ചിത്തമായി ഭര്‍ത്താവ് ഈ ആഴ്ച രണ്ട് ടിക്കറ്റ് വാങ്ങി. എങ്ങനെയെങ്കിലും ഭാര്യയുടെ പിണക്കം മാറ്റുകയായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യം. എന്നാല്‍ ഭാര്യയുടെ പിണക്കം മാറിയതിനോടൊപ്പം ഒറ്റ രാത്രി കൊണ്ട് കോടീശ്വരനാകാനും ഇയാള്‍ക്ക് സാധിച്ചു.
ഭാര്യയുടെ പിണക്കം മാറ്റാനായി എടുത്ത രണ്ട് ടിക്കറ്റിലും ഇദ്ദേഹത്തിന് സമ്മാനമടിക്കുകയായിരുന്നു. ആദ്യ ടിക്കറ്റിലെ അക്കങ്ങള്‍ ഭാര്യ തന്നെയാണ് ഒത്തുനോക്കിയത്.
ആദ്യ ടിക്കറ്റില്‍ 8 കോടിയോളം രൂപ സമ്മാനമുണ്ട് എന്ന് ഭാര്യ ഭര്‍ത്താവിനോട് പറഞ്ഞു. അപ്പോഴാണ് അതേ കോമ്പിനേഷനില്‍ മറ്റൊരു ടിക്കറ്റും താന്‍ എടുത്തിട്ടുണ്ട് എന്ന് ഭര്‍ത്താവ് പറഞ്ഞത്. ഇതോടെ രണ്ടാമത്തെ ടിക്കറ്റും എടുത്ത് ഒത്ത് നോക്കി. ഇതിലും 8 കോടിയോളം രൂപ സമ്മാനമായി ലഭിക്കുകയായിരുന്നു. രണ്ട് ടിക്കറ്റിലും കൂടി 16 കോടി രൂപയാണ് ദമ്പതികളെ തേടിയെത്തിയത്.
Comments