തിരുവനന്തപുരം : ബ്രഹ്‌മപുരം തീപിടിത്തത്തിൽ നിയമസഭയിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി വിഷപുകയിൽ പതിമൂന്നാം നാളാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. കൂട്ടായ പരിശ്രമത്തിലൂടെയാണ് തീ അണച്ചതെന്നും അഗ്നിശമന സേനയെ അഭിനന്ദിക്കുന്നുവെന്നും തീപിടുത്തമുണ്ടായത് മുതൽ സർക്കാർ, ജില്ലാ ഭരണസംവിധാനം, കൊച്ചി കോർപറേഷൻ എന്നിവരുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിച്ചെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.
അതേസമയം ബ്രഹ്‌മപുരത്ത് വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു. തീപിടുത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനിൽ കേസ് പൊലീസിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷിക്കും. പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് ഒരു വിജിലൻസ് അന്വേഷണം നടത്തുമെന്നും നിയമസഭയിൽ മുഖ്യമന്തി പറഞ്ഞു.
ബ്രഹ്‌മപുരത്ത് തീപിടിത്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കും , ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾ സംബന്ധിച്ചും, മാലിന്യസംസ്‌കരണ പദ്ധതി പ്രവർത്തനക്ഷമമാക്കാനും ഇത്തരത്തിമുള്ള അപകടങ്ങൾ ഭാവിയിൽ ഒഴിവാക്കാനും കഴിയുന്ന നിർദ്ദേശങ്ങൾ സമർപ്പിക്കാനായി സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും പിണറായി വ്യക്തമാക്കി.
പ്രതിപക്ഷ ബഹിഷ്കരണത്തിന്റെ ഇടയിലായിരുന്നു മുഖ്യമന്തിയുടെ പ്രസ്താവന. എന്നാൽ മുഖ്യമന്തിയുടെ പ്രതികരണത്തിന് പിന്നാലെ നിലവിൽ നിയമസഭ മന്ദിരത്തിൽ അസാധാരണ പ്രതിഷേധം അരങ്ങേറുകായാണ്. സ്പീക്കറുടെ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. വാച്ച് ആൻഡ് വാർഡുമായാണ് പ്രതിപക്ഷ അംഗങ്ങളുടെ തർക്കം. ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ബഹളം നിയമസഭയിൽ നടക്കുന്ന സാഹചര്യത്തിൽ ബല പ്രയോഗവും നടക്കുകയാണ്.
















Comments