ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ രാഷ്ട്രവിരുദ്ധ പരാമർശത്തെ പിന്തുണച്ച് മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ. സർക്കാരിനെതിരെയുള്ള വിമർശനം രാജ്യത്തിനെതിരെയുള്ള വിമർശനമല്ലെന്നും രാജ്യത്തിന് പുറത്തും സർക്കാരിനെ വിമർശിക്കാൻ പൗരന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു കപിലിന്റെ പരാമർശം.
വിദേശത്താണെങ്കിലും സ്വദേശത്താണെങ്കിലും പൗരന്മാർക്ക് സർക്കാരിനെ വിമർശിക്കാനുള്ള അധികാരമുണ്ടെന്നും കപിൽ പരാമർശിച്ചു. ഭരണകൂടത്തിനോടുള്ള വിമർശനം രാഷ്ട്ര വിരുദ്ധ പരാമർശമായി കാണാൻ സാധിക്കില്ലെന്നും കപിൽ ട്വീറ്റിൽ കുറിച്ചു.
ലണ്ടനിൽ ഒരു സ്വകാര്യ പരിപാടിയിൽ വെച്ചായിരുന്നു രാഹുലിന്റെ രാഷ്ട്ര വിരുദ്ധ പരാമർശം. ഇന്ത്യയിൽ നീതിപീഠം, പാർലമെന്റ് എന്നിവ ബലമായി നിയന്ത്രിക്കപ്പെടുകയാണെന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചു. തനിക്കെതിരെ പല സംഭവങ്ങളിലായി നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും പ്രതിപക്ഷ കക്ഷികൾക്ക് ജനങ്ങളുമായി സമ്പർക്കം പുലർത്താൻ പോലും സാധിക്കുന്നില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രസംഗം.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുടെ രാഷ്ട്ര വിരുദ്ധ പരാമർശത്തിനെതിരെ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് രംഗത്ത് വന്നിരുന്നു. രാജ്യത്തെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധി ശ്രമിച്ചതിനെതിരെ അപലപിക്കണമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ഇന്ത്യയിൽ ജനാധിപത്യം തകർന്നെന്ന പ്രസ്താവന ലോകത്തിന് മുന്നിൽ രാജ്യത്തിന് അപമാനമാണെന്നും ലണ്ടനിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധി ശ്രമിച്ചെന്നും രാജ്നാഥ് സിംഗ് എടുത്ത് പറഞ്ഞു.
Comments