ബംഗ്ളൂരു: മദ്യപിച്ചെത്തിയ റെയിൽവേ സ്റ്റേഷൻ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തെ തുടർന്ന് പരാതി ഉന്നയിച്ച് യാത്രക്കാരിയായ യുവതി. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ കൃഷ്ണരാജപുരം റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിൽ മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ടിടി. ഇയാൾ യാത്രക്കാരിയെ ശല്യപ്പെടുത്തിയെന്നാണ് പരാതി.
യുവതിയുടെ പരാതിയെ തുടർന്ന് സന്തോഷ് എന്ന ടിടി എക്സാമിനറെയാണ് സസ്പെൻഡ് ചെയ്തത്. യുവതിയോട് ടിക്കറ്റ് കാണിക്കാൻ ടിടി ആവശ്യപ്പെട്ടു. എന്നാൽ ടിക്കറ്റ് കാണിച്ചിട്ടും യുവതിയെ ഇയാൾ ശല്യംചെയ്യുകയായിരുന്നെന്ന് സഹയാത്രികർ പറഞ്ഞു. യുവതിയെ ശല്യപ്പെടുത്തുന്നതും മോശമായി പെരുമാറുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഉദ്യോഗസ്ഥൻ യുവതിയോട് ടിക്കറ്റ് ചോദിക്കുമ്പോൾ തന്റെ പക്കൽ ടിക്കറ്റുണ്ടെന്ന് യുവതി ആവർത്തിച്ച് പറയുന്നത് വീഡിയോയിൽ കാണാം. റെയിൽവേയുടെ വിശദമായ വിവരങ്ങളുടെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും തുടർ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു.
Comments