ഇടുക്കി: ദേശിയ പാതയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. പൂപ്പാറ തലക്കുളത്താണ് അരിക്കൊമ്പന്റെ ആക്രമണമുണ്ടായത്. കൊച്ചി -ധനുഷ്‌കോടി ദേശിയ പാതയിലൂടെ പലചരക്ക് സാധനങ്ങളുമായി എത്തിയ ലോറി ആന ആക്രമിച്ചു. തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ആന ഭക്ഷിച്ചു.
ഇന്ന് പുലർച്ച അഞ്ചുമണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് സാധനങ്ങളുമായി എത്തിയ വാഹനമാണ് അരിക്കൊമ്പൻ ആക്രമിച്ചത്. ആനയെ കണ്ടതിനെ തുടർന്ന് വാഹനത്തിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടി രക്ഷപെട്ടു. തലനാരിഴയ്‌ക്കാണ് ഇവർ രക്ഷപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച അരിക്കൊമ്പൻ പന്നിയാർ എസ്റ്റേറ്റിലെ കാൻ്റീൻ തകർത്തിരുന്നു. രാത്രിയിലായിരുന്നു സംഭവം.സംഭവ സമയത്ത് കാൻ്റീൻ നടത്തിപ്പുകാരനായ എഡ്വിൻ മാത്രമാണ് കാൻ്റീനിൽ ഉണ്ടായിരുന്നത്. അരിക്കൊമ്പനെ കണ്ട് എഡ്വിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടാന പുറകേയെത്തി ആക്രമിക്കാൻ ശ്രമിച്ചു. തൊട്ടടുത്തുണ്ടായിരുന്ന ലയത്തിൽ കയറിയാണ് എഡ്വിൻ രക്ഷപ്പെട്ടത്.
Comments