തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. അസിസ്റ്റന്റ് പ്രഫസർ വികെ സഞ്ജുവിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 50-ലധികം പേർക്കെതിരെയാണ് കേസെടുത്തത്. ദേഹോപദ്രവം, തടഞ്ഞുവെയ്‌ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
24-ന് നടക്കുന്ന യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും അടക്കം പൂട്ടിയിട്ട സംഭവത്തിലേക്ക് എത്തിച്ചത്. വനിതാ ഹോസ്റ്റലിന് മുന്നിൽ പ്രചാരണ ബോർഡ് സ്ഥാപിക്കാൻ എസ്എഫ്‌ഐ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്. ലോകകപ്പ് ഫുട്‌ബോൾ മത്സരസമയത്ത് കെഎസ് യു സ്ഥാപിച്ച ബോർഡ് മാറ്റി അവിടെ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യവുമായാണ് എസ്എഫ്‌ഐ പ്രിൻസിപ്പലിനെ സമീപിച്ചത്.
കഴിഞ്ഞ ദിവസം കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ച സംഭവത്തിൽ 24 എസ്എഫ്‌ഐ പ്രവർത്തകരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് 21 അദ്ധ്യാപകരെ മുറിയിൽ പൂട്ടിയിട്ടത്. എന്നാൽ ചൊവ്വാഴ്ച രാത്രി കെഎസ്‌യുവിന്റെ കൊടിമരവും ബോർഡുകളും എസ്എഫ്‌ഐക്കാർ കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റക്കാരായ വിദ്ധ്യാർത്ഥികളെ സസപെൻഡ് ചെയ്തത്.
















Comments