ദിവസങ്ങൾക്ക് മുമ്പാണ് ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ തങ്ങളുടെ ആദ്യത്തെ 100 സിസി കമ്മ്യൂട്ടർ ബൈക്കായ ഷൈൻ 100 രാജ്യത്ത് അവതരിപ്പിച്ചത്. ഇരുചക്ര വാഹനലോകത്ത് ഷൈൻ 100 വിലസുമെന്ന് ഉറപ്പാണ്. 100 സിസി സെഗ്‌മെന്റില്‍ രാജാവായി വാഴുന്ന ഹീറോ സ്‌പ്ലെണ്ടറിന് ഒത്ത എതിരാളിയായാണ് ഹോണ്ട ഷൈന്‍ 100 വന്നിരിക്കുന്നത്. അതിന്റെ പ്രധാന കാരണം തുച്ഛമായ വില തന്നെയാണ്. ഹോണ്ട ഷൈന്‍ 100 മോട്ടോര്‍ സൈക്കിൾ വെറും 64,900 രൂപയ്‌ക്കാണ് ഇന്ത്യൻ വാഹന വിപണിയിലേയ്‌ക്ക് എത്തിയിരിക്കുന്നത്. അതായത് ഹീറോ സ്പ്ലണ്ടര്‍ പ്ലസിന്റെ ഏറ്റവും കുറഞ്ഞ പതിപ്പിനേക്കാള്‍ 7,500 രൂപ കുറവ്.
പുത്തന്‍ 99.7 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് ഹോണ്ട ഷൈന്‍ 100-ന് കമ്പനി നൽകിയിരിക്കുന്നത്. 7.5 ബിഎച്ച്പി കരുത്തും 8.05 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എൻജിനാണിത്. 20 ശതമാനം വരെ എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ഉപയോഗിക്കാവുന്ന ഹോണ്ട ഷൈന്‍ 100 ഉടനെ പുറത്തിറങ്ങും. ബിഎസ് VI മലിനീകരണ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി നിര്‍മിച്ചതാണെന്നതും ശ്രദ്ധേയമാണ്. ഹോണ്ട ഷൈന്‍ 100-ന് 4 സ്പീഡ് ഗിയര്‍ ബോക്‌സാണുള്ളത്.
ഷൈന്‍ 100-ന് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണ് ഡയമണ്ട് ടൈപ്പ് ഫ്രെയിം. ടെലസ്‌കോപിക് ഫോര്‍കും 2 ഷോക്ക് അബ്‌സോര്‍ബേഴ്‌സുമുള്ള ഷൈനിന് രണ്ട് ചക്രങ്ങളിലും ഡ്രം ബ്രേക്കുകൾ നല്‍കിയിരിക്കുന്നത്. എന്‍ട്രി ലെവല്‍ വാഹനമായതുകൊണ്ടുതന്നെ ഷൈന്‍ 100-ല്‍ ഫാന്‍സിയായുള്ള ഫീച്ചറുകളൊന്നുമില്ല. എന്നാൽ ഹാലജന്‍ ഹെഡ്‌ലൈറ്റ്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, കോംബി ബ്രേക്കിംഗ് സംവിധാനം എന്നിവയുണ്ട്. മാര്‍ച്ച് 15 മുതൽ ഹോണ്ട ഷൈന്‍ 100-ന് വേണ്ടിയുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. ഏപ്രിൽ മാസം വാഹനം വിതരണം ചെയ്തു തുടങ്ങും. ഹീറോ സ്‌പ്ലെൻഡർ, ഹീറോ എച്ച്എഫ് 100, എച്ച്എഫ് ഡീലക്‌സ്, ബജാജ് പ്ലാറ്റിന 100 തുടങ്ങിയ എൻട്രി ലെവൽ കമ്മ്യൂട്ടർ ബൈക്കുകളാണ് പുതിയ ഹോണ്ട ഷൈൻ 100-ന്റെ എതിരാളികൾ.
Comments