ദിസ്പൂർ: 2026 ഓടെ സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾക്ക് പൂർണമായും അവസാനം കുറിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2026-ഓടെ അസമിൽ ശൈശവ വിവാഹങ്ങൾ അവസാനിക്കും. അത് ഉറപ്പാക്കാൻ സാധ്യമായ എല്ലാ കർശന നടപടികളും തന്റെ സർക്കാർ സ്വീകരിക്കുമെന്നും ശൈശവ വിവാഹങ്ങൾക്കെതിരായ ക്യാമ്പെയിനിന്റെ ഭാഗമായി 200 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ പറഞ്ഞു.
ഈ വർഷം ഫെബ്രുവരി മുതൽ ശൈശവ വിവാഹത്തിനെതിരെ സർക്കാർ ശക്തമായ നടപടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് പേർക്കെതിരെ കേസുകളും രജിസ്റ്റർ ചെയ്തു. ശൈശവ വിവാഹം ഒരു സാമൂഹിക വിപത്താണ്. ഈ ദുരാചാരം അവസാനിപ്പിക്കുന്നത് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
സ്കോളർഷിപ്പുകൾ, സൗജന്യ വിദ്യാഭ്യാസം, സർക്കാർ പദ്ധതികളുടെ മറ്റെല്ലാ ആനുകൂല്യങ്ങളും നൽകി ദുരിതബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാനം പ്രവർത്തിക്കും. നിശ്ചിത സമയപരിധിക്കുള്ളിൽ ശൈശവ വിവാഹങ്ങൾ അവസാനിപ്പിക്കാൻ വ്യക്തമായ പദ്ധതികൾ സർക്കാർ തയ്യാറാക്കിയിട്ടുണ്ട് എന്നും അസം മുഖ്യമന്ത്രി പറഞ്ഞു.
Comments