ബ്രഹ്‌മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പ്; ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കാൻ സമയക്രമം പ്രഖ്യാപിച്ച് ഹൈക്കോടതി

Published by
Janam Web Desk

കൊച്ചി: കേരളത്തിൽ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കാൻ ഹൈക്കോടതി സമയക്രമം പ്രഖ്യാപിച്ച് ഹൈക്കോടതി. ചട്ടങ്ങൾ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും മേൽനോട്ടം വഹിക്കുന്നത് ഹൈക്കോടതി തന്നെയായിരിക്കും. ബ്രഹ്‌മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ എസ്.വി. ഭട്ടി, ബസന്ത് ബാലാജി എന്നിവർ ഉത്തരവിട്ടത്.

ഇനിയൊരു ബ്രഹ്‌മപുരം ആവർത്തിക്കാതിരിക്കാൻ കേരളത്തിൽ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കാനായി തദ്ദേശ സെക്രട്ടറി നൽകിയ സമയക്രമം കോടതി അംഗീകരിക്കുകയും ചെയ്തു. ഉടൻ, ഹ്രസ്വ, ദീർഘ കാലം എന്നിങ്ങനെ മൂന്നായിട്ടായിരിക്കും നടപ്പാക്കുക. പുരോഗതി ഹൈക്കോടതി വിലയിരുത്തുകയും ചെയ്യും. നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് ഹൈക്കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിമാരായി അഭിഭാഷകരായ ടി.വി.വിനു, എസ്.വിഷ്ണു, പൂജ മേനോൻ എന്നിവരെയും നിയമിച്ചു

സംസ്ഥാനത്ത് ഖരമാലിന്യ സംസ്‌കരണത്തിനായി ജില്ലകളിലെ സൗകര്യങ്ങൾ, പ്രവർത്തന ക്ഷമത തുടങ്ങിയവ സംബന്ധിച്ച് റിപ്പോർട്ട് കളക്ടർമാർ നൽകണം. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി വഴി റിപ്പോർട്ട് കോടതി പരിശോധിക്കും. മാത്രമല്ല ഭാവിയിൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തദ്ദേശ ഖരമാലിന്യ സംസ്‌കരണ സൗകര്യം രൂപകൽപ്പന ചെയ്ത് സ്ഥാപിക്കുന്നത് ജില്ലാതല ദുരന്തനിവാരണ സമിതിയുടെ അനുമതിയോടെയാകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Share
Leave a Comment