ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഭഗത് സിംഗ് എന്ന പേര് പകർന്ന വിപ്‌ളവച്ചൂട് വർഷങ്ങൾ കഴിഞ്ഞാലും കുറയില്ല. ഇരുപത്തിനാലാം വയസ്സിൽ സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവിതം ബലി നൽകിയ ധീര ദേശാഭിമാനിയാണ് ഭഗത് സിങ്. സായുധ പോരാട്ടത്തിലൂടെ സ്വതന്ത്ര്യം നേിയെടുക്കാൻ സാധിക്കുമെന്ന് വിശ്വസിച്ച ധീരദേശാഭിമാനിയുടെ ബലിദാനമാണ് ഇന്ന്. ഭഗത് സിംഗിന്റെ പേരിനൊപ്പം സ്മരിക്കുന്ന പേരുകളാണ് സുഖ്‌ദേവിന്റെതും രാജ്ഗുരുവിന്റെതും. ഒരുപക്ഷേ ഭഗത് സിംഗ് എന്ന പേര് പൂർണ്ണമാകണമെങ്കിൽ സുഖ്‌ദേവ് രാജ്ഗുരു എന്നീ പേരുകൾ കൂട്ടിച്ചേർക്കാതെ സാധിക്കില്ല. ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം സംഘടിപ്പിച്ചതിന്റെ പേരിൽ 1931 മാർച്ച് 23-നാണ് ഭഗത് സിംഗിനെയും സംഘത്തെയും വെള്ളപ്പട്ടാളം തൂക്കിലേറ്റുന്നത്.
1907 സെപ്റ്റംബർ 28ന് പഞ്ചാബിലെ ലയൽപ്പൂരിലാണ് ഭഗത് സിംഗിന്റെ ജനനം. മതാപിതാക്കളായ വിദ്യാവതിയും കുഷൻസിങും സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു. ഭഗത്തിന് സ്വാതന്ത്ര്യബോധം പകർന്നത് മാതാപിതാക്കൾ തന്നെയാണ്. ബ്രിട്ടീഷുകാർക്കെതിരെ ആയുധമേന്തി പോരാടണമെന്ന നിശ്ചയ ദാർഢ്യം കുട്ടിയായിരിക്കവെ തന്നെ ഭഗത്തിനുണ്ടായിരുന്നു. അച്ഛനൊപ്പം വയൽ വരമ്പിലൂടെ നടക്കുമ്പോൾ ഒരിക്കൽ പിന്നിൽ നടന്നിരുന്ന കുഞ്ഞിന്റെ കാലൊച്ച കേൾക്കാതിരുന്നപ്പോൾ തിരിഞ്ഞു നോക്കിയ അച്ഛൻ കണ്ടത് വയലരികിൽ കുത്തിയിരിക്കുന്ന ഭഗത്തിനെയാണ്. എന്താ നോക്കുന്നതെന്ന് ചോദിച്ചപ്പോൾ ഞാനിവിടെയെല്ലാം തോക്കുകൾ കൃഷി ചെയ്യും എന്നായിരുന്നു മറുപടി.
സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ലാലാ ലജ്പത് റായ് സ്ഥാപിച്ച നാഷണൽ കോളേജിലാണ് ഭഗത് പഠിച്ചത്. യൗവ്വനത്തിൽ ഭഗത് സാഹിത്യത്തിൽ അതീവ തൽപരനായിരുന്നു. പതിമൂന്നാമത്തെ വയസ്സിൽത്തന്നെ മഹാത്മാഗാന്ധി രൂപം നൽകിയ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്ന ഭഗത് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി മാറി. നാഷണൽ കോളേജിലെ പഠനം കഴിഞ്ഞപ്പോൾ മാതാപിതാക്കൾ ഭഗത് സിംഗിന് വിവാഹമാലോചിക്കാൻ തുടങ്ങി. എന്നാൽ ഇന്ത്യ സ്വതന്ത്രയാവുന്നതുവരെ എന്റെ വധു മരണം മാത്രമായിരിക്കുമെന്ന് പറഞ്ഞ ഭഗത് വിവാഹത്തിൽ നിന്നും രക്ഷപ്പെടാനായി നാടുവിട്ട് കാൺപൂരിലേയ്‌ക്കു പോയി. നൗജവാൻ ഭാരത് സമാജിൽ ചേർന്നു. അവിടെ പ്രതാപ് പ്രസ്സിൽ ജോലിയ്‌ക്ക് കയറി.
ചൗരി-ചൗര ഗ്രാമനിവാസികൾ പോലീസ് സ്റ്റേഷൻ അക്രമിച്ച് പോലീസുകാരെ കൊലചെയ്ത സംഭവത്തെ വിമർശിച്ച് നിസ്സഹകരണ പ്രസ്താനത്തിന്റെ പ്രവർത്തനങ്ങൾ ഗാന്ധിജി താത്കാലികമായി അവസാനിപ്പിച്ചിരുന്നു. ഇതോടെ ഭഗത് സിംഗ് ഉൾപ്പെടെ നിരവധിപ്പേർ സായുധ പോരാട്ടത്തിലേയ്‌ക്ക് മാറി ചിന്തിക്കാൻ തുടങ്ങി.1924- ൽ കാൺപൂരിൽ വച്ച് അദ്ദേഹം സചീന്ദ്രനാഥ് സന്യാൽ രൂപം നൽകിയ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനയിൽ അംഗമായി. ചന്ദ്രശേഖർ ആസാദായിരുന്നു ഇതിന്റെ ഒരു പ്രധാന സംഘാടകൻ. ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗതിന് ഇതുവഴി അവസരം ലഭിച്ചു. 1925 ചന്ദ്രശേഖർ ആസാദ് ലാഹോറിലേയ്‌ക്ക് തിരിച്ചുപോയി. അടുത്തവർഷം കുറച്ചു സഹപ്രവർത്തകരോടൊപ്പം നവ്ജവാൻ ഭാരത് സഭ എന്ന പേരിൽ ഒരു സായുധ വിപ്ലവ സംഘടന രൂപീകരിച്ചു. 1926ൽ അദ്ദേഹം സോഹൻ ജോഷ് സിംഗ്ുമായി ബന്ധം സ്ഥാപിച്ചു. അതുവഴി വർക്കേസ് ആന്റ് പെസന്റ്സ് പാർട്ടി എന്ന സംഘടനയുമായും ബന്ധപ്പെട്ടു. വർക്കേസ് ആന്റ് പെസന്റ്സ് പാർട്ടി കീർത്തി എന്ന പേരിൽ പഞ്ചാബി ഭാഷയിൽ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. അടുത്ത വർഷം ഭഗത് സിംഗ് കീർത്തിയുടെ പത്രാധിപ സമിതിയിൽ അംഗമായി.
ജാലിയൻവാലാബാഗിലെ കൂട്ടക്കൊല ഭഗത്തിന്റെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. അവിടത്തെ ചോരയിൽ കുതിർന്ന ഒരുപിടി മണ്ണ് അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. 1926 ൽ ഭഗത്സിംഗ് നൗജവാൻ ഭാരത് സഭ രൂപീകരിച്ചു. രണ്ടു വർഷത്തിനു ശേഷം നൗജവാൻ ഭാരതി സഭ പുനഃസംഘടിപ്പിച്ച് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കൻ അസോയിയേഷൻ എന്ന വിപ്‌ളവ രാഷ്‌ട്രീയപ്പാർട്ടി ഉണ്ടാക്കി. ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നു പുറത്താക്കുക, സമത്വാധിഷ്ഠിതമായ സ്വതന്ത്രഭരണം സ്ഥാപിക്കുക – ഇതായിരുന്നു ഭഗത്തിന്റെ ലക്ഷ്യം. 1929 ഏപ്രിൽ എട്ടിന് തൊഴിൽ തർക്കബില്ലും പൊതുബില്ലും സുരക്ഷാബില്ലും അവതരിപ്പിക്കാനിരിക്കെ അസംബ്ലി മന്ദിരത്തിൽ ഭഗത് സിങും കൂട്ടരും ബോംബെറിഞ്ഞു. ജയിലിലായ ഭഗത് സിംഗിന്റെയും കൂട്ടുകാരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തു. ഇതിന്റെ പേരിലാണ് ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത്. ഇതാണ് ലാഹോർ ഗൂഢാലോചനക്കേസ്. ദേശീയ ധാരയിലെ പല പ്രമുഖരും ഇവർക്ക് വേണ്ടി വാദിക്കാൻ മുന്നോട്ട് വന്നു. എന്നാൽ ജനങ്ങൾ ഉറ്റുനോക്കിയത് ഗാന്ധിയുടെ നീക്കത്തെയാണ് എന്നാൽ പലപ്പോഴും ഗാന്ധിയുടെ മൗനം ഇത്തരം വേദനകൾ സമ്മാനിച്ചിരുന്നു.
മരണത്തിലും തന്റെ സ്വതന്ത്രൃവാഞ്ഛയിൽ ഇന്നും അനശ്വര നക്ഷത്രമായി തിളങ്ങുകയാണ് ഭഗത് സിങ്ങും സുഖ്‌ദേവും രാജ്ഗുരുവും. ഇന്ത്യൻ മനസ്സുകളിൽ ഇവർ പടർത്തിയ ദേശബോധം ഇന്നും അനേകായിരങ്ങളുടെ ഉൾക്കാഴ്ചകൾ വെള്ളവും വളവുമായി മാറുന്നുണ്ട്. ജനസഹസ്രങ്ങളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ധീരസ്വാഭിമാനിയായ ഭഗത് സിങ്ങിന്റെയും സുഖ്‌ദേവിന്റെയും രാജ്ഗുരുവിന്റെയും ഓർമ്മകൾക്ക് മുന്നിൽ പ്രണാമങ്ങൾ.
















Comments