പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി ; അറിയാം ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ വിശേഷങ്ങൾ

Published by
Janam Web Desk

പ്രപഞ്ചമാകെ പ്രഭാചൈതന്യമായി നിറഞ്ഞുനിൽക്കുന്ന ആദിപരാശക്തിയുടെ ഉഗ്രകാളീഭാവമാണ് കൊടുങ്ങല്ലൂരമ്മ. കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലാണ് ശ്രീകുരുംബ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരാതനകാലത്ത് തന്ത്രശാസ്ത്ര ദൃഷ്ടിയിൽ ദേവ്യാരാധനയുടെ പ്രാധാന്യം കൊണ്ട് ‘സുന്ദരീപീഠം’ എന്നറിയപ്പെട്ടിരുന്നത് ഈ ക്ഷേത്രമാണ്. കേരളത്തിലെ ആദ്യത്തെ കാളീക്ഷേത്രവും ആദ്യ ഭഗവതീ ക്ഷേത്രവും ഇതാണെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ കൊടുങ്ങല്ലൂരമ്മയെന്ന സങ്കൽപ്പം ശക്തിസ്വരൂപിണിയാണ്.

ശ്രീകുരുംബാ ഭഗവതി എന്നാണ് കൊടുങ്ങല്ലൂരമ്മ അറിയപ്പെടുന്നത്. ശ്രീയെന്നാൽ ഐശ്വര്യമെന്നും, കുരു എന്നാൽ പ്രദാനം ചെയ്യുന്നതെന്നുമാണ് അർത്ഥമാക്കുന്നത്. എല്ലാവിധ ഐശ്വര്യവും പ്രദാനം ചെയ്യുന്ന, അഷ്ടൈശ്വര്യദായിനിയായതിനാൽ ശ്രീകുരുംബാ ഭഗവതിയെന്ന് കൊടുങ്ങല്ലൂരമ്മയെ വിളിക്കുന്നു. ഗുരുവിനോടു ചേർന്നുള്ള അംബ എന്നും പറയുന്നുണ്ട്. ഋഷീശ്വരന്മാർക്കു വിദ്യ പകർന്നു കൊടുക്കുന്ന ദക്ഷിണാമൂർത്തിയായ ശിവനാണ് ഗുരു. ശിവനോടു ചേർന്നുള്ള പാർവ്വതി, ഗുരുവിനോടു ചേർന്നുള്ള അംബയാകുന്നു. കൊടുങ്ങല്ലൂരിൽ, ചണ്ഡികയെ പ്രതിഷ്ഠിച്ച് പഴയ ശ്രീകോവിൽ അടച്ച് വടക്കോട്ടു ദർശനമായി മറ്റൊരു ശ്രീകോവിലും അതിനോട് ചേർന്ന് സപ്ത മാതൃക്കളെയും പ്രതിഷ്ഠിച്ചിട്ടുണ്ട് ചണ്ഡികയുടെ ശ്രീകോവിലിൽ ശങ്കരാചാര്യർ മേരുചക്രം സ്ഥാപിച്ച ശേഷമാണ് ഈ സമ്പ്രദായം ഏർപ്പെടുത്തിയതെന്നു കരുതുന്നു.

ഐതിഹ്യപ്രകാരം പരശുരാമൻ കേരളത്തിൽ 192 വിഗ്രഹ പ്രതിഷ്ഠകൾ നടത്തി. അതിൽ 64 എണ്ണം ദേവീക്ഷേത്രങ്ങളും 64 ശിവക്ഷേത്രങ്ങളും 64 വിഷ്ണുക്ഷേത്രങ്ങളും ആയിരുന്നു എന്നും അതിൽ അതിപ്രധാനമായ നാലെണ്ണം നാലു ദിശയിലാണ്. തെക്ക് കന്യാകുമാരിയിൽ ബാലാംബികയും പടിഞ്ഞാറ് കൊടുങ്ങല്ലൂരിൽ ലോകാംബികയും വടക്ക് കൊല്ലൂരിൽ മൂകാംബികയും കിഴക്ക് കരിമലയിൽ (പാലക്കാട്) ഹേമാംബികയും. ഇവയിൽ രണ്ടെണ്ണമാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്.

എന്നാൽ പ്രസിദ്ധമായ 108 ദുർഗ്ഗാലയങ്ങളിൽ കൊടുങ്ങല്ലൂരിനെക്കുറിച്ചു പറയുന്നില്ല. 108 ശിവാലയങ്ങളിലാണ് കൊടുങ്ങല്ലൂർ ക്ഷേത്രം ഉൾപ്പെടുന്നത് കോടിലിംഗപുരം എന്ന സ്ഥലനാമം ശിവപ്രധാനമായ ക്ഷേത്രനഗരമായിരുന്നു എന്ന സൂചനയും നൽകുന്നുണ്ട്. നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കോടിലിംഗപുരം എന്ന നാമത്തിൽ നിന്ന് കൊടുങ്ങല്ലൂർ ആയിയെന്നും പറയപ്പെടുന്നു. ശിവപ്രധാനമായ ക്ഷേത്രം പിന്നീട് ദേവി ചൈതന്യത്തെ ആവാഹിച്ചു കുടിയിരുത്തിയതുകൊണ്ട് ദേവിപ്രധാനമായി മാറിയതാകാം എന്നു കരുതുന്നു.

മൂകാസുരനെ വധിച്ച ആദിപരാശക്തിയെ, ആ ശക്തിയുടെ അതിതീഷ്ണമായ പ്രഭാവം കൊണ്ട് മറ്റെങ്ങും കുടിയിരുത്താൻ കഴിയാതെ വന്നപ്പോൾ കോലമഹർഷി, താൻ പൂജിച്ചിരുന്ന ശിവലിംഗത്തിലേക്ക് ആവാഹിച്ചു കുടിയിരുത്തിയതാണ് മൂകാംബികയെന്ന് ‘മലയാചലരഹസ്യ’ത്തിൽ പറയുന്നുണ്ട്. പിന്നീട് ശങ്കരാചാര്യ സ്വാമികൾ ആചാരവിധാനങ്ങൾ ക്രമപ്പെടുത്തി ശക്തി വർദ്ധിപ്പിക്കുകയും ചെയ്തു. ഇപ്രകാരം തന്നെ മറ്റൊരുതരത്തിൽ കൊടുങ്ങല്ലൂരും, ശിവപ്രധാനമായ ക്ഷേത്രത്തിൽ ദേവീചൈതന്യത്തെ നിഗൂഢമായ താന്ത്രിക വിദ്യകളോടെ ആവാഹിച്ച് പ്രതിഷ്ഠിച്ചതാണെന്ന് പല താന്ത്രിക വിദഗ്ധന്മാരും കരുതുന്നു. ഇവിടെയും ആചാരവിധാനങ്ങൾ ക്രമപ്പെടുത്തി ശക്തി വർദ്ധിപ്പിച്ചത് ശങ്കരാചാര്യ സ്വാമികൾ തന്നെയാണെന്നതും ഈ നിഗമനങ്ങളെ സാധൂകരിക്കുന്നു.

കൊടുങ്ങല്ലൂർ ക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാളീക്ഷേത്രമാണെങ്കിലും, ക്ഷേത്രനാഥൻ ശിവനാണ്. നിവേദ്യ പൂജകൾ ഉൾപ്പെടെയുള്ള പൂജകളെല്ലാം ശിവന് നടത്തിയ ശേഷമേ മറ്റു മൂർത്തികൾക്ക് നടത്തുകയുള്ളൂ. ആചാരവൈവിധ്യങ്ങൾ കൊണ്ടും പൂജാക്രമങ്ങൾ കൊണ്ടും, പ്രതിഷ്ഠാവിശേഷങ്ങൾ കൊണ്ടും, അത്യധികം സങ്കീർണവും നിഗൂഢവുമാണ് കൊടുങ്ങല്ലൂരിലെ തന്ത്രവിധികൾ. രുരുജിത് സമ്പ്രദായത്തിലുള്ള താന്ത്രിക വിദ്യകളാണ് ഇവിടെയുള്ളത് എന്നതാണ് അതിന് കാരണം.

കേരളത്തിലെ കാളീക്ഷേത്രങ്ങളുടെയെല്ലാം മൂലസ്ഥാനം എന്നറിയപ്പെടുന്ന ക്ഷേത്രമാണ് കൊടുങ്ങല്ലൂർ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാളീക്ഷേത്രം എന്നതിനോടൊപ്പം തന്നെ, ആചാരവൈവിധ്യങ്ങളുടെ ക്ഷേത്രം കൂടിയാണ് കൊടുങ്ങല്ലൂർ. സാധാരണ ക്ഷേത്രങ്ങളെ അപേക്ഷിച്ച് കൊടുങ്ങല്ലൂരിൽ ശ്രീകോവിലിനകത്ത് രണ്ടു പ്രതിഷ്ഠകൾക്ക് പൂജ നടക്കുന്നത് ഭക്തരിൽ പലർക്കും സംശയമുണ്ടാക്കാറുണ്ട്. കൊടുങ്ങല്ലൂർ അടക്കം കേരളത്തിലെ പതിമൂന്നു കാവുകളിൽ അവലംബിക്കപ്പെട്ടിട്ടുള്ള രുരുജിത് വിധാനം എന്ന താന്ത്രിക പൂജാക്രമം ആണ് അതിനു കാരണം..

രുരുജിത്, ദക്ഷജിത്, ദാരികജിത്, മഹിഷജിത് എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളിലുള്ള കാളീ പ്രതിഷ്ഠകൾ ഭാരതത്തിലുണ്ട്. പക്ഷെ കേരളത്തിൽ കാണപ്പെടുന്ന താന്ത്രികവിധാനം കാശ്മീരി താന്ത്രിക ശൈലിയിലുള്ള രുരുജിത് ആണ്. രുരു എന്ന അസുരനെ വധിച്ച ദേവീഭാവത്തിലുള്ള പ്രതിഷ്ഠാ വിധാനം ആണ് രുരുജിത്. അതീവപ്രഭാവമുള്ള ഇത്തരം ക്ഷേത്രങ്ങളിൽ, തട്ടകത്തമ്മയായ ശ്രീ ഭദ്രകാളിക്കൊപ്പം ശ്രീകോവിലിൽ, രൗദ്രസ്വരൂപിണിയായ ചാമുണ്ഡിയെയും ശ്രീകോവിലിനോട് ചേർന്ന് തന്നെ സപ്തമാതാക്കളെയും പ്രതിഷ്ഠ നടത്തിയിരിക്കുന്നു. സപ്തമാതൃക്കൾക്കൊപ്പം തന്നെ വീരഭദ്രൻ, ഗണപതി എന്നീ പ്രതിഷ്ഠകളും ഉണ്ടാകും. ക്ഷേത്രത്തിന് പുറത്ത് ക്ഷേത്രപാലക പ്രതിഷ്ഠയും ഉണ്ടാകും. രുരുജിത് വിധാന പ്രകാരം പ്രതിഷ്ഠ നടത്തപ്പെട്ടിട്ടുള്ള ശാക്തേയ കാവുകളിൽ എല്ലാം പ്രധാനമൂർത്തി ഭൈരവസ്വരൂപനായ മഹാദേവനാണ്. നേദ്യം മുതലായ പൂജകൾ എല്ലാം ശിവന് നടത്തിയ ശേഷം മാത്രമേ മറ്റു മൂർത്തികൾക്ക് നടത്തപ്പെടുകയുള്ളൂ.

ഇവിടെ എറ്റവും പ്രധാനപ്പെട്ട വഴിപാട് വെടിവഴിപാടാണ്. വലിയ വെടി, ചെറിയ വെടി എന്നിങ്ങനെ രണ്ടു തരം വഴിപാടുകൾ ഉണ്ട് ഗുരുതിയാണ് മറ്റൊരു വഴിപാട്. ശത്രുദോഷത്തിനു പരിഹാരമായി ചെയ്യുന്ന വഴിപാടാണിത്. ഗുരുതി വഴിപാട് നടത്തിവരുന്നത് വസൂരിമാല ക്ഷേത്രനടയ്‌ക്കലാണ്. ഉഗ്രരൂപിണിയായ ദേവിയുടെ ഉഗ്രത വർദ്ധിക്കാതിരിക്കാനാണ് ഗുരുതി നടത്തിയിരുന്നത് എന്നാണ് വിശ്വാസം. വൃശ്ചിക- ധനു മാസങ്ങളിലെ മണ്ഡലകാലങ്ങളിലും, മീനഭരണിക്ക് തുടക്കം കുറിക്കുന്നതു തൊട്ട് ക്ഷേത്രനട തുറക്കും വരെയും ഗുരുതി വഴിപാട് നടത്താറില്ല. വസൂരിമാലയ്‌ക്ക് മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്. ഒരു പ്രാവശ്യം ആടിച്ച പൊടി വീണ്ടും ആടിക്കാൻ ഉപയോഗിക്കാറുണ്ട്.

ക്ഷേത്രപാലകന് പ്രധാന വഴിപാട് ചമയമാണ്. 101 നാളികേരം ഉടയ്‌ക്കലും 101 വസ്ത്രം ഉടുപ്പിക്കലും ഇതിൽ പെടും. ക്ഷേത്രപാലകനുള്ള മറ്റൊരു വഴിപാട് പുളിഞ്ചാമൃതമാണ്. തവിടാടുമുത്തിക്കുള്ള പ്രധാന വഴിപാട് തവിട് ആടിക്കലാണ്. അതിനുള്ള അവകാശം പത്മശാലീയർക്കാണ്. ശ്വാസം സംബന്ധിക്കുന്ന രോഗങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം. ഒറ്റയപ്പവും ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി നടത്തപ്പെടുന്നു. ഗുരുതി പുഷ്പാഞ്ജലി, രക്ത പുഷ്പാഞ്ജലി, ശത്രുസംഹാര പുഷ്പാഞ്ജലി, മഹിഷാസുര മർദ്ദിനി പുഷ്പാഞ്ജലി എന്നിവയും വഴിപാടായി നടത്തപ്പെടുന്നു.

ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ മീന ഭരണിയും (കൊടുങ്ങല്ലൂർ ഭരണി) താലപ്പൊലിയുമാണ്. ഭരണി ഉത്സവത്തോനടനുബന്ധിച്ച് നടക്കുന്ന കോഴികല്ല് മൂടൽ, കാവ് തീണ്ടൽ എന്നിവ പ്രധാനചടങ്ങുകളാണ്. ഭരണിപ്പാട്ട് പോലുള്ള ആചാരങ്ങൾ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഭരണിയുടെ തലേദിവസം അശ്വതി നാളിൽ ആണ് കാവ് തീണ്ടൽ നടക്കുന്നത്. കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനത്തിലെ ഭരണി വരെ നീണ്ടു നിൽക്കുന്നതാണ് കൊടുങ്ങല്ലൂർ ഭരണി. ഇതിൽത്തന്നെ മീനത്തിലെ തിരുവോണം മുതൽ അശ്വതി വരെയാണ് പ്രധാന ചടങ്ങുകളത്രയും നടക്കുന്നത്. ‘ഭക്തിയുടെ രൗദ്രഭാവം’ എന്നാണ് ഭരണി ആഘോഷത്തെ വിശേഷിപ്പിക്കപ്പെടുന്നത്. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെയാണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്നാണ് ഭക്തർ വിശ്വസിക്കുന്നത്.

ഈ വർഷത്തെ കൊടുങ്ങല്ലൂർ ഭരണി വെള്ളിയാഴ്ച നടക്കും..കുംഭമാസത്തിലെ ഭരണിനാളിലാണ് കൊടിയേറ്റ് ചടങ്ങ് നടന്നത്. ഇത് ഭരണിവേല കൊടിയേറുക എന്നാണ് പറയുന്നത്. കാവുതീണ്ടലിനു തുടക്കം കുറിക്കുന്ന ചുവപ്പ് കുട- കൊടുങ്ങലൂർ രാജാവിന്റെ കോയമയായ നമ്പൂതിരിയാണ് ഇത് ഉയർത്തുന്നത്. തലേ ദിവസം അതായത് അശ്വതി നാളിൽ നടക്കുന്ന ചടങ്ങായ അശ്വതീകാവുതീണ്ടലാണ് പ്രധാനപ്പെട്ടത്. കാവുതീണ്ടൽ കഴിഞ്ഞ് പിറ്റേ ദിവസമായ ഭരണി നാളിൽ വരിനെല്ലിന്റെ പായസമാണ് നിവേദ്യമായി നൽകുക.

അശ്വതി ദിവസമാണ് തൃച്ചന്ദനച്ചാർത്ത്. തൃച്ചന്ദനചാർത്തൽ പൂജ എന്നത് ഒരു രഹസ്യ പൂജയായാണ് അറിയപ്പെടുന്നത്. മീനഭരണിയുടെ തലേ നാളിലാണ് ഈ പൂജ നടക്കുന്നത്. ദാരികനുമായുള്ള യുദ്ധത്തിൽ കാളിക്ക് സംഭവിച്ച മുറിവുകൾ ചികിത്സിക്കുന്നതാണ് ഇതെന്നാണ് വിശ്വാസം. പ്രതിഷ്ഠയിൽ നിന്നും ആഭരണങ്ങൾ അഴിച്ചുമാറ്റുന്നതും ശ്രീകോവിൽ വൃത്തിയാക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. കരിക്കും മഞ്ഞൾപ്പൊടിയും ചേർത്താണ് തൃച്ചന്ദനം തയ്യാറാക്കുന്നത്. അശ്വിനി ദേവൻമാരുടെ സാന്നിധ്യത്തിലാണത്രേ പൂജ നടക്കുന്നത്. ഇതു കഴിഞ്ഞ് നട അടച്ചാൽ പിന്നീട് ആറാം ദിവസമേ നട തുറക്കൂ. അതുവരെ രഹസ്യപൂജയാണ്. ഇതിനായി കിഴക്കേ വാതിലിലൂടെ അടികൾ മാത്രം അകത്തു കടക്കുന്നു. ഇവിടെ ശങ്കരാചാര്യർ സ്ഥാപിച്ചിട്ടുള്ള മഹാമേരു ശ്രീചക്രം ഇതിനുള്ളിലാണ്. ഇതു ദേവിയുടെ ശക്തികേന്ദ്രമാണ്. കിഴക്കോട്ട് ശിവൻ, ക്ഷേത്രപാലകൻ എന്നിവരും വസൂരിമാലയും ഘണ്ടാകർണനുമുണ്ട്.

ഇവിടുത്തെ പ്രസിദ്ധമായ മറ്റൊരു ചടങ്ങാണ് രേവതി വിളക്ക് തൊഴൽ. രേവതി നാളിൽ നടക്കുന്ന വിളക്ക് തെളിയിക്കൽ ചടങ്ങാണിത്. ഭദ്രകാളിയുടെ ദാരിക വിജയം ആഘോഷിക്കുന്ന ചടങ്ങാണിത്. ഈ ദിവസം ആദ്യം കളമെഴുത്തു പാട്ടും തുടർന്ന് രേവതി വിളക്ക് തെളിയിക്കലും നടക്കുന്നു. ഈ ദിവസം ദേവിയെ ദർശിച്ചാൽ ദുരിതങ്ങളെല്ലാം അകലുമെന്നും ജീവിതത്തിൽ ഐശ്വര്യം നിറയുമെന്നുമാണ് വിശ്വാസം.

മീനഭരണി ആഘോഷങ്ങളിലെ പ്രധാന ചടങ്ങാണ കാവ് തീണ്ടൽ ചടങ്ങ്. രേവതി കഴിഞ്ഞു വരുന്ന അശ്വതി നാളിലാണ് കാവ് തീണ്ടൽ നടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാവുതീണ്ടലിനായി കോമരങ്ങൾ എത്തും. ഒരിടയ്‌ക്ക് എല്ലാവർക്കും പ്രവേശനമുണ്ടായിരുന്ന ഈ കാവിൽ പിന്നീട് പ്രവേശിക്കുന്നതിന് വിലക്കുകൾ വന്നു. വർഷത്തിലൊരു ദിവസം മാത്രം എല്ലാവർക്കുമായി കാവ് തുറന്നു കൊടുക്കുന്ന ദിവസമാണ് കാവു തീണ്ടൽ നടക്കുന്നത്. കയ്യിലെ മരക്കമ്പ് കൊണ്ട് ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ അടിച്ച് മൂന്നു തവണ വലംവെക്കുന്ന ചടങ്ങാണ് കാവുതീണ്ടൽ എന്നറിയപ്പെടുന്നത്. ഇതിനു ശേഷം ക്ഷേത്രം അടയ്‌ക്കുകയും വീണ്ടും പൂയം നാളിൽ തുറക്കുകയും ചെയ്യും.

മീനഭരണി ദിവസം ക്ഷേത്രത്തിൽ യാതൊരാഘോഷവും നടക്കില്ല. മീനമാസത്തിലെ തിരുവോണത്തിന് കോഴിക്കല്ല് മൂടൽ എന്നൊരു ചടങ്ങുണ്ട്. കൊടുങ്ങല്ലൂർ മീനഭരണിയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് കോഴിക്കല്ല് മൂടൽ. കാളി-ദാരിക യുദ്ധത്തിന് തുടക്കം കുറിക്കുന്ന ചടങ്ങിന്റെ ഓർമ്മപ്പെടുത്തലാണിത്. നേരത്തെ പൂവൻ കോഴിയെ ബലികൊടുത്തിരുന്നുവെങ്കിലും പിന്നീട് മൃഗബലി നിർത്തലാക്കിയ ശേഷം ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങ് നടത്തുന്നു. കല്ല് മൂടിയ ശേഷം ഭരണിപ്പാട്ട് ആരംഭിക്കും. അഹല്യാമോക്ഷം, ഉഷാചരിതം മുതലായവ അശ്ലീലം ചേർത്തു പാടുകയാണു പണ്ടു ചിലർ ചെയ്തിരുന്നത്. മനസ്സിലെ അഴുക്ക് മുഴുവൻ കളഞ്ഞ് ദേവീസന്നിധിയിൽ വച്ച് ശുദ്ധിയാവുക എന്നതാണത്രേ ഐതിഹ്യം. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന, കൊടുങ്ങല്ലൂർ ഭരണി നാളിലെ പ്രാർത്ഥനകൾക്കും പൂജകൾക്കും ഒരുപാട് ഫലങ്ങൾ നല്കുവാൻ കഴിയുമെന്നാണ് വിശ്വാസം.

ഭദ്രകാളിയുടെ അനുഗ്രഹം ജീവിതത്തിലുടനീളം ലഭിക്കുവാൻ കൊടുങ്ങല്ലൂർ ഭരണിയിൽ പങ്കെടുത്താൽ മതിയെന്നാണ് വിശ്വാസം. എല്ലാ ദുഖങ്ങളും മാറ്റി, ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം. താലപ്പൊലിയും ഭരണി മഹോത്സവവും ആണ് കൊടുങ്ങല്ലൂരിലെ പ്രധാന ആഘോഷങ്ങൾ, ഇതിൽ താലപ്പൊലിയാണ് ഇവിടുത്തെ ആളുകളുടെ അതായത് പ്രദേശവാസികളുടെ ആഘോഷമായി കണക്കാക്കുന്നത്. അതേസമയം ഭരണിയുത്സവം വടക്കൻ ജില്ലക്കാരുമായി ബന്ധപ്പെട്ടു നിൽക്കുന്നു. തൃശൂർ മുതൽ കാസർകോഡ് നിന്നുള്ളവർ വരെ ഇതിൽ പങ്കെടുക്കുവാനായി കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെത്തുന്നു.

 

 

Share
Leave a Comment