ഹൈദരാബാദ്: സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ 1.68 കോടി രഹസ്യവിവരങ്ങൾ മോഷ്ടിക്കുകയും വിൽക്കുകയും ചെയ്ത സംഘത്തെ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഗവൺമെന്റ്, പ്രധാനപ്പെട്ട സ്ഥാപനങ്ങൾ, വ്യക്തികളുടെ രഹസ്യവിവരങ്ങൾ എന്നിവ മോഷ്ടിക്കുകയും വിൽക്കുകയും ചെയ്ത ഏഴംഗ സംഘമാണ് പോലീസിന്റെ പിടിയിലായത്. 16.8 കോടി ആൾക്കാരുടെ വിവരങ്ങളാണ് ഈ സൈബർ തട്ടിപ്പ് സംഘം മോഷ്ടിച്ചത്.
കുമാർ നിതീഷ് ഭൂഷൺ, കുമാരി പൂജ പാൽ, സുശീൽ തോമർ, അതുൽ പ്രതാപ് സിംഗ്, മുസ്‌കാൻ ഹസ്സൻ, സന്ദീപ് പാൽ, സിയ ഉർ റഹ്‌മാൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ വ്യാജ കോൾ സെന്റർ വഴിയും മറ്റ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും വിവരങ്ങൾ മോഷ്ടിക്കുകയും കൈമാറുകയും ചെയ്യുന്നു. വിവരങ്ങൾ കൈമാറുന്നതിന് ഒരു തുകയും സംഘം ആവശ്യപ്പെടും. പ്രതികളിൽ നിന്ന് 1.2 കോടി വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഗ്യാസ്-പെട്രോളിയം, അക്കൗണ്ടുകൾ, വിദ്യാർത്ഥികളുടെ ഡാറ്റാബേസ്, സ്ത്രീ ഡാറ്റാബേസ്, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡ്- ഡെബിറ്റ് കാർഡ് ഉടമകൾ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ, നീറ്റ് വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ എന്നീ വിഭാഗങ്ങളിലെ വിവരങ്ങളാണ് വിൽക്കുന്നതെന്ന് പോലീസ് പറഞ്ഞു.
12 മൊബൈൽ ഫോണുകൾ, 3 ലാപ്‌ടോപ്പുകൾ, 2 സിപിയു എന്നിവ പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. 17 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളും പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു. ലോഗിൻ ഐഡി, വയസ്സ്, ഇമെയിൽ ഐഡി, ഫോൺ നമ്പർ തുടങ്ങിയവ ഉപയോഗിച്ചാണ് സംഘം വിവരങ്ങൾ മോഷ്ടിക്കുന്നത്. ഡാറ്റാ മാർട്ട് ഇൻഫോടെക്, ഗ്ലോബൽ ഡാറ്റ ആർട്‌സ്, എംഎസ് ഡിജിറ്റൽ ഗ്രോ എന്നീ കമ്പനികളിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് സൈബറാബാദ് പോലീസ് കമ്മീഷണർ എം സ്റ്റീഫൻ രവീന്ദ്ര അറിയിച്ചു.
Comments