മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിനെ അനുസ്മരിച്ച് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള. ഇന്നസെന്റും താനുമായി അടുത്ത സൗഹൃദമാണെന്ന് അനുസ്മരിച്ച ഗവർണർ രാജ് ഭവനിൽ എത്തിയ നടന് തന്റെ പുസ്തകങ്ങൾ നൽകുന്ന ചിത്രവും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു. അര നൂറ്റാണ്ടോളം മലയാള സിനിമ നാടക വേദികളിലെ ഹാസ്യരംഗത്ത് ഇന്നസെന്റ് നിറഞ്ഞു നിന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു എന്നും ഗവർണർ പറഞ്ഞു. നന്മയുടെ പ്രകാശ ഗോപുരമാണ് ഇന്നസെന്റ്. എല്ലാവരോടും ആത്മബന്ധം പുലർത്തിയിരുന്നതായും രാഷ്‌ട്രീയ എതിരാളികളോട് പോലും സഹകരിച്ചിരുന്നതായും ഗവർണർ അനുസ്മരിച്ചു. ഇന്നസെന്റിന്റെ വേർപാട് തനിക്ക് അഗാധമായി ദു:ഖമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണർ സമൂഹമാദ്ധമത്തിൽ പങ്കുവെച്ച് കുറിപ്പിങ്ങനെ
‘അര നൂറ്റാണ്ടോളം മലയാള സിനിമ നാടക വേദിയിൽ ഹാസ്യരംഗത്ത് നിറഞ്ഞു നിന്ന ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിക്കുകയും ആത്മാവിന് നിത്യ ശാന്തി നേരുകയും ചെയ്യുന്നു. നന്മയുടെ പ്രകാശഗോപുരമായ ഈ കലാകാരൻ എല്ലാവരോടും സ്‌നേഹ സൗഹാർദ്ദത്തോടെ പെരുമാറുകയും ആത്മബന്ധം പുലർത്തുകയും ചെയ്തിരുന്നു. വിദ്വേഷമോ വെറുപ്പോ കൂടാതെ തന്റെ രാഷ്‌ട്രീയ എതിരാളികളോട് പോലും സഹകരിച്ചു പ്രവർത്തിച്ചിരുന്ന ഇന്നസന്റ് ഞാനുമായി വ്യക്തിപരമായി അടുത്ത സൗഹൃദമായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം രാജ്ഭവൻ സന്ദർശിക്കുകയും ഏറെ നേരം അവിടെ ചിലവഴിക്കുകയും ചെയ്തിരുന്നു. ആ അവസരത്തിൽ ഞാനെഴുതിയ ആകാശവീഥിയിലൂടെ എന്ന പുസ്തകം ഇന്നസെന്റിന് നൽകുകയുണ്ടായി. ഇന്നസെന്റിന്റെ വേർപാടിൽ അഗാധമായി ദു:ഖിക്കുന്നു.’
















Comments