ട്വിറ്ററിന്റെ സോഴ്സ് കോഡുകൾ ചോർന്നതായി റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നിൽ മുൻ ജീവനക്കാരനാണെന്നാണ് കമ്പനിയുടെ സംശയം. കോഡിന്റെ ഭാഗങ്ങൾ ഗിറ്റ്ഹബ് എന്ന ഓൺലൈൻ സോഫ്റ്റ്വെയർ ഡവലപ്മെന്റ് പ്ലാറ്റ്ഫോമിൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി ലഭ്യമായിരുന്നു. എന്നാൽ ട്വിറ്റർ പകർപ്പവകാശ ലംഘന നോട്ടീസ് ഫയൽ ചെയ്തതിന് പിന്നാലെ ഇത് നീക്കം ചെയ്തു.
ഫ്രീ സ്പീച്ച് എന്തൂസിയാസിസ്റ്റ് എന്നാണ് കോഡുകൾ ലീക്ക് ചെയ്ത ഉപയോക്താവിന് പേര് നൽകിയിരിക്കുന്നത്. ഉപയോക്താവിന്റെ പേര് വെളിപ്പെടുത്തുവാൻ ഗിറ്റ്ഹബ്ബിനോട് ഉത്തരവിടാൻ കോടതിയിൽ ട്വിറ്റർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സോഴ്സ് കോഡ് ചോർന്നതായി അടുത്തിടെയാണ് ട്വിറ്റർ എക്സിക്യൂട്ടീവുകളെ അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
സോഴ്സ് കോഡുകളിലൂടെ കണ്ടെത്തിയ കേടുപാടുകൾ ഹാക്കർമാർ ഇതിനോടകം ചൂഷണം ചെയ്തോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വരുമാനം വർദ്ധിപ്പിക്കുന്നതിന് വ്യത്യസ്തമാർഗങ്ങൾ കണ്ടെത്തിയ കമ്പനിയ്ക്ക് ഇത് വലിയൊരു തിരിച്ചടിയാണ്.
Comments