ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് ഹൈബി ഈഡനും, ടി.എൻ.പ്രതാപനും. ഇവർക്കെതിരെ നടപടി വരുമെന്നാണ് പുറത്തുവരുന്ന സൂചന. ലോക്‌സഭയിലാണ് രേഖകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. ഹൈബി ഈഡനെയും, ടി.എൻ. പ്രതാപനെയും സ്പീക്കർ സസ്‌പെൻഡ് ചെയ്‌തേക്കുമെന്നാണ് സൂചന.
അതേസമയം ഒരു അംഗത്തെ സസ്‌പെൻഡ് ചെയ്യണമെങ്കിൽ പാർലമെന്ററി കാര്യമന്ത്രിയോ സർക്കാരോ പ്രമേയം കൊണ്ടുവന്ന് പാസാക്കണം. സഭയുടെ അന്തസ്സിന് ചേരാത്ത രീതിയിൽ പ്രവർത്തിക്കുകയോ സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായോ പ്രതികരിക്കുന്നതോ ചൂണ്ടിക്കാട്ടിയാണ് പ്രമേയം കൊണ്ടുവന്ന് പാസാക്കേണ്ടത്. എന്നാൽ പ്രമേയം കൊണ്ടുവരുന്നത് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടായിട്ടില്ല എന്നാൽ സ്പീക്കറുടെ ഓഫീസിൽ നിന്ന് ഇരുവരുടെയും പ്രതിഷേധം അതിരുകടന്നതാണെന്ന തരത്തിലുള്ള സൂചനകൾ ഉയർന്നിട്ടുണ്ട്.
2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണാടകയിലെ കോലാറിൽ നടന്ന റാലിയിലാണ് മോദി സമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി സമുദായത്തിൽ നിന്നു വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമർശം. 2019 ഏപ്രിൽ 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വച്ചുകൊണ്ട് രാഹുൽ ഗാന്ധി മോദി സമുദായത്ത അപമാനിച്ചത്. ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയിൽ കേസ് നൽകിയത്.
മാർച്ച് 25-നാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റ വിജ്ഞാപനം പുറത്തിറക്കിയത്. ജാതി അധിക്ഷേപ കേസിൽ കോടതി ശിക്ഷ വിധിച്ചത് കണക്കിലെടുത്താണ് സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കോടതി വിധി പുറത്തുവന്നത് മുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
പിന്നാക്ക വിഭാഗമായ മോദി സമുദായത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനാണ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം ശിക്ഷവിധിച്ചത്. ഗുജറാത്തിലേ സൂറത്ത് കോടതിയുടേതായിരുന്നു വിധി. വാക്കാലോ രേഖാമൂലമോയുള്ള അപകീർത്തിപ്പെടുത്തൽ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഐപിസി 499, 500 വകുപ്പുകൾ പ്രകാരമാണ് വിധി.
Comments