ഭോപ്പാൽ : ഭോപ്പാലിലെ പുതിയ സംസ്ഥാന ബിജെപി ഓഫീസിന്റെ ഭൂമി പൂജ നിർവഹിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും. കഴിഞ്ഞ ദിവസം നടന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ പുതിയ ഓഫീസിന്റെ ‘ഭൂമി പൂജ’യിൽ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും പാർട്ടിയുടെ മറ്റ് നേതാക്കളും പങ്കെടുത്തു. ഇന്ന് പുലർച്ചെ ഭോപ്പാൽ വിമാനത്താവളത്തിൽ എത്തിയ നദ്ദ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കി ബാത്തും കേട്ടു.
അതേസമയം കുശാഭൗ താക്കറെ കൺവെൻഷൻ സെന്ററിലെ പ്രബുദ്ധജൻ സമാഗമത്തിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബി.ജെ.പി അദ്ധ്യക്ഷൻ അഭിനന്ദിച്ചു. നൂറോളം രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം പ്രധാനമന്ത്രി വികസിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
“പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് സർക്കാർ റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തി. ഇപ്പോൾ ഇന്ത്യയുടെ പേര് പാകിസ്ഥാനുമായി ചേർത്ത് പറയുന്നത് അവസാനിച്ചിരിക്കുന്നു. ആരും ഇന്ത്യയും പാകിസ്ഥാനും എന്ന് പറയുന്നില്ല, ഇന്ന് ഇന്ത്യ എന്ന് മാത്രമാണ് പറയുന്നത്. പ്രധാനമന്ത്രി മോദി 100 രാജ്യങ്ങളിൽ പോയി അവരുമായുള്ള ബന്ധം വികസിപ്പിച്ചെടുത്തു.” അദ്ദേഹം പറഞ്ഞു.
“ഇന്ന് രാഷ്‌ട്രീയത്തിന്റെ സംഭാഷണം ആകെ മാറി. നേരത്തെ പ്രകടനപത്രികയ്‌ക്ക് ഒരു വിലയുമില്ലായിരുന്നു. ‘ഞങ്ങൾ പറയുന്നത്, ഞങ്ങൾ ചെയ്യുന്നു’ & ‘ഞങ്ങൾ പറഞ്ഞത് ഞങ്ങൾ ചെയ്യും’ എന്ന സംസ്കാരമാണ് പ്രധാനമന്ത്രി മോദി കൊണ്ടുവന്നത്”-നദ്ദ കൂട്ടിച്ചേർത്തു.
മുൻ വയനാട് എംപി രാഹുൽ ഗാന്ധിയെ “ജാതി അധിക്ഷേപം” നടത്തിയതിനെ തുടർന്ന് ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ സത്യാഗ്രഹം നടത്തുന്ന കോൺഗ്രസ് പാർട്ടിക്കെതിരെ ബിജെപി അദ്ധ്യക്ഷൻ രൂക്ഷമായി വിമർശിച്ചു.
ജാതി അധിക്ഷേപം നടത്തിയതിനെ തുടർന്ന് രാഹുലിനെതിരെ മാനനഷ്ട കേസെടുത്തു. ഇതിൽ സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ചു. പിന്നാലെ രാഹുലിനെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസ് നേതാക്കൾ രാജ്ഘട്ടിൽ സത്യാഗ്രഹം നടത്തുകയാണ്.
Comments