ന്യൂഡൽഹി: ഇന്ത്യയുടെ ഹൈവേ അടിസ്ഥാന സൗകര്യങ്ങൾ 2024 ഓടെ അമേരിക്കയുടേതിന് സമാനമാകുമെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇതിനായി പല പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹരിത എക്‌സ്പ്രസ് വേകളുടെയും റെയിൽ ഓവർ ബ്രിഡ്ജുകളുടെയും പ്രവർത്തനങ്ങൾ ഉടൻ പൂർത്തീയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരത് മാല പദ്ധതി – 2 ന് ക്യാബിനറ്റ് അംഗീകാരം ഉടൻ ലഭിക്കുമെന്നും ഇതിലൂടെ കൂടുതൽ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങൾ നടത്താൻ സാധിക്കുമെന്നും ഗഡ്കരി പറഞ്ഞു. സമയബന്ധിതമായി തന്നെ എല്ലാ പദ്ധതികളും നടപ്പിലാക്കാൻ കഴിയുമെന്നും കൈലാസ് മാനസ സരോവർ ഹൈവേ പദ്ധതിയുടെ 93 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായതായും മന്ത്രി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
നിലവിൽ സിക്കിം അല്ലെങ്കിൽ നേപ്പാൾ വഴിമാത്രമാണ് കൈലാസ മാനസസരോവറിലേക്ക് യാത്ര നടത്താൻ സാധിക്കുക. പദ്ധതി പൂർത്തിയായാൽ മാനസ സരോവറിലേക്കുളള യാത്രകൾ കൂടുതൽ എളുപ്പമാകും. ഉയർന്ന ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ ഒഴിവാക്കാൻ സാധിക്കും. യാത്രയുടെ കാലയളവ് ദിവസങ്ങളോളം കുറയുകയും ചെയ്യും.
ഇന്ത്യയിലെ ദേശീയപാത ഇടനാഴികൾ വികസിപ്പിക്കുവാനുളള ഏറ്റവും വലിയ പദ്ധതിയാണ് ഭാരത് മാല പരിയോജന. രാജ്യത്തെ 580ൽ അധികം ജില്ലകളെ പദ്ധതിയിലൂടെ ബന്ധിപ്പിക്കുന്നത്. 35000 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത്മാല ദേശീയ പാതകൾ വികസിപ്പിക്കുന്നതിനുളള ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ്.
















Comments