സാക്രമെന്റോ: കാലിഫോർണിയയിൽ സിഖ് ക്ഷേത്രത്തിനകത്ത് നടന്ന വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റു. വെടിയേറ്റവരിൽ ഒരാൾ ഇന്ത്യക്കാരനാണ്. സാക്രമെന്റോയിലെ ബ്രാഡ്ഷാ റോഡിലുള്ള ഗുരുദ്വാരയിൽ അമേരിക്കൻ സമയം ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഇവർ അപകടനില തരണം ചെയ്‌തെന്നാണ് വിവരം. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പരിക്കേറ്റവർക്ക് അക്രമികളുമായി നേരത്തെ പരിചയമുണ്ടെന്ന് സാക്രമെന്റോ പോലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
Comments