നടൻ ഇന്നസെന്റിന്റെ വേർപാടിൽ അദ്ദേഹത്തിന്റെ ചിരിയോർമ്മകൾ പര്സപരം പങ്കുവയ്‌ക്കുകയാണ് മലയാളികൾ. എത്ര കണ്ടാലും കേട്ടാലും മതിവരാത്ത, വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ഇന്നസെന്റ് തമാശകൾ അത്രപെട്ടെന്ന് മറക്കാൻ ആർക്കും കഴിയില്ല. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ ഇന്നസെന്റ് കടന്നുവന്നിട്ടുണ്ടാകുമെന്നതാണ് പ്രത്യേകത. അദ്ദേഹമവതരിപ്പിച്ച ഹാസ്യരംഗങ്ങളിലെ ഡയലോഗുകൾ ദൈനംദിന ജീവിതത്തിൽ പലപ്പോഴും പ്രയോഗിക്കുന്നവരാണ് മലയാളികൾ. അറിഞ്ഞോ അറിയാതെയോ ഓരോ മലയാളിയുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയ അതുല്യ നടനെക്കുറിച്ച് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ, അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇന്നസെന്റ് ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വിവരിക്കുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഏതൊരു മലയാളി യുവാവിനെയും ഇന്നസെന്റ് എത്രമാത്രം സ്പർശിച്ചുവെന്ന് വ്യക്തമാക്കുന്ന ഗോവിന്ദ് പദ്മസൂര്യയുടെ വാക്കുകളിതാ..
“”കാർണവരെ കുത്തും, കുടയാണ് എന്റെ കയ്യിലിരിക്കണേ, ഞാൻ ഇവിടുത്തെ സംബന്ധകാരനാ.. ഭാസുരയുടെ ഭർത്താവ്”
അന്ന് അദ്ദേഹം ആ കുട കൊണ്ട് കുത്തിയത്, ഇക്കിളിയാക്കിയത്, ഒരു രണ്ടാം ക്ലാസുകാരന്റെ ഹൃദയത്തിൽ ആണ്. ഒരു പക്ഷെ ആ പ്രായത്തിൽ മമ്മുക്കയേക്കാളും ലാലേട്ടനെക്കാളും എന്നെ സ്വാധിനിച്ചത് ഇന്നസെന്റ് ചേട്ടന്റെ നിഷ്കളങ്കമായ ഭാവങ്ങളും, അവതരണ ശൈലിയുമാണ്.
മണിച്ചിത്രത്താഴും റാംജിറാവു സ്പീകിംഗും ഒക്കെ ഏറെക്കുറെ കാണാപാഠമായിരുന്നു. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ ഡയലോഗുകൾ മനഃപാഠമായി പറഞ്ഞു ഞാൻ കുറെ ഷൈൻ ചെയ്തിട്ടുണ്ട്. പിന്നീട് കോളേജ് ഹോസ്റ്റലിൽ പവർ കട്ട് ഉണ്ടാകുമ്പോൾ മാന്നാർ മത്തായി സ്പീകിംഗ് ഒരു ശബ്ദരേഖ പോലെ കൂട്ടുകാരോട് പറയുമായിരുന്നു. ഇന്ന് ഞാൻ ഉപയോഗിക്കുന്ന വാട്സ്ആപ്പ് സ്റ്റിക്കറിൽ കൂടുതലും അദ്ദേഹത്തിന്റെ ഭാവങ്ങൾ ആണ്.
ഒരുമിച്ചു അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലെങ്കിലും ഞാൻ ജഡ്ജ് ആയിട്ടുള്ള ഒരു ഷോയുടെ ഫൈനലിൽ സ്പെഷ്യൽ ജഡ്ജ് ആയി അദ്ദേഹവും കൂടെ ഉണ്ടായിരുന്നു.
മാന്നാർ മത്തായി സ്പീകിംഗ് ഡയലോഗുകൾ കാണാതെ പഠിച്ചിട്ടുണ്ട് എന്നുള്ളത് ഒരുപാട് അഹങ്കാരത്തോടെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു . “താൻ എന്തിനാടോ അത് കാണാതെ പഠിക്കണത്. അത് യൂട്യൂബ് അടിച്ചാൽ കിട്ടില്ലേ” എന്നുള്ള മറുപടിയും കിട്ടിബോധിച്ചു.
കുട്ടികാലത്തു അദ്ദേഹത്തിന്റെ സിനിമ ഡയലോഗ് ഡെലിവറി ആണ് എന്നെ സ്വാധീനിച്ചിരുന്നതെങ്കിൽ പിന്നീട് അദ്ദേഹത്തിന്റെ നിത്യ ജീവിതത്തിലെ ഡയലോഗുകളുടെ ഒരു ആരാധകനായി ഞാൻ മാറി .
“എനിക്ക് കാൻസർ വന്നതിന്റെ കുശുമ്പാണ് എല്ലാവർക്കും ” അദ്ദേഹം നർമ്മത്തിലൂടെ ജീവിതത്തിന്റെ ആഴം അളന്നു. ജീവിതം ഇത്രയേയുള്ളു എന്നും ജീവതം ഇത്രയും ഉണ്ട് എന്നും ഒരേപോലെ നമ്മളെ പഠിപ്പിച്ച നമ്മടെ സ്വന്തം ഇന്നസെന്റ് ചേട്ടന് നർമ്മത്തിൽ ചാലിച്ച, സ്നേഹത്തിൽ കുതിർത്ത, നിഷ്കളങ്കമായ ഓർമ്മപ്പൂക്കൾ!”
















Comments