കഴിഞ്ഞ പത്ത് ദിവസത്തിലധികമായി പോലീസ് തിരയുന്ന ഖാലിസ്ഥാനി ഭീകരനാണ് അമൃത്പാൽ സിംഗ്. പഞ്ചാബ് പോലീസിന്റെ വിരൽ തുമ്പിൽ നിന്നും നിഷ്പ്രയാസം കടന്നുകളഞ്ഞ അമൃത്പാലിനെ തേടി ആംആദ്മി സർക്കാരിന്റെ ക്രമസമാധാനപാലകർ വിവിധ സംസ്ഥാനങ്ങൾ കയറിയിറങ്ങിയെങ്കിലും ഇതുവരെയും പിടികൂടാനായിട്ടില്ല. നിലവിൽ അമൃത്പാലും സഹായി പപൽപ്രീതും നേപ്പാളിലുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഇതിനിടെ അമൃത്പാലിന്റെ ഒരു സെൽഫി ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പപൽപ്രീത് സിംഗിനൊപ്പം സെൽഫിയെടുക്കുന്ന അമൃത്പാലിനെ ചിത്രത്തിൽ കാണാം. ഹെൽ എന്ന് പേരുള്ള ഒരു ചുവന്ന കളർ എനർജി ഡ്രിംഗും അമൃത്പാലിന്റെ കൈയ്യിലുണ്ട്. എവിടെവച്ച്, എപ്പോഴെടുത്ത ചിത്രമാണിതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ലെങ്കിലും അമൃത്പാലിന്റെ ഏറ്റവും പുതിയ ചിത്രമാണിതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.
മാർച്ച് 18 മുതലാണ് അമൃത്പാലും പപൽപ്രീതും അറസ്റ്റ് വാറണ്ടിനെ മറികടന്ന് ഒളിവുജീവിതം ആരംഭിച്ചത്. ഇതിനിടെ എനർജി ഡ്രിംഗ് കുടിക്കുന്ന സെൽഫി പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഉയരുന്നത്. പഞ്ചാബ് പോലീസിനെ പരിഹസിച്ചുകൊണ്ട് അമൃത്പാൽ പങ്കുവച്ച പുതിയ ചിത്രമാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. പഞ്ചാബ് സർക്കാരിനെയും പോലീസിനെയും വട്ടം കറക്കി, ഡ്രിംഗ്‌സ് കഴിച്ചിരിക്കുന്ന നീ, ഏത് നരകത്തിലാണെന്ന കമന്റുകളും ഉയരുന്നുണ്ട്. അതേസമയം അമൃത്പാലിനെ ഉടൻ പിടികൂടാമെന്ന പ്രതീക്ഷയാണ് പഞ്ചാബ് പോലീസ് പങ്കുവയ്‌ക്കുന്നത്.
Comments