ന്യൂഡൽഹി: ഇന്ത്യയുടെ അഖണ്ഡതയെ അംഗീകരിക്കാൻ ചൈന തയ്യാറാകണമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഒർഗനൈസേഷൻ യോഗത്തിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അജിത് ഡോവൽ പരസ്പരം മാനിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞത്. മേഖലയിലെ എല്ലാ രാജ്യങ്ങളും തങ്ങളുടെ പരമാധികാരത്തോട് പരസ്പര ബഹുമാനം ഉറപ്പാക്കാനും സമീപ പ്രദേശങ്ങളിൽ ഏകപക്ഷീയമായ സൈനിക മേധാവിത്വത്തിനായി ശ്രമിക്കാതിരിക്കാനുമുള്ള ആഹ്വാനമാണ് ഡോവലിന്റെ പരാമർശങ്ങൾ.
പ്രാദേശിക കണക്റ്റിവിറ്റി നിർണായകമാണെങ്കിലും, അത് എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കുന്ന വിധത്തിൽ സുതാര്യവും പരസ്പര പങ്കാളിത്തമുള്ളതും ആയിരിക്കണം എന്ന് ഡോവൽ പ്രസ്താവിച്ചു. മേഖലയ്‌ക്കുള്ളിൽ കൂടുതൽ സഹകരിക്കാനും നിക്ഷേപം നടത്താനും ഇന്ത്യ തയ്യാറാണ്. പാക് അധിനിവേശ കശ്മീരിൂടെ കടന്നുപോകുന്ന ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയോടുള്ള ഇന്ത്യയുടെ എതിർപ്പിന്റെ വെളിച്ചത്തിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ.
അതിർത്തി മേഖലയിലെ ഇന്ത്യയുടെ അഖണ്ഡതയെ അംഗീകരിക്കണമെന്നും ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ ഒരുമിച്ച് നിന്ന് പോരാടാൻ ചൈന തയ്യറാകണമെന്നും ഡോവൽ പറഞ്ഞു. ഇന്ത്യ ഒരിക്കലും ഏകാധിപത്യ പ്രവണതയോട് കൂടി പ്രവർത്തിച്ചിട്ടില്ല. പരസ്പരം ബഹുമാനത്തോടുകൂടിയാണ് ഇന്ത്യ പെരുമാറിയിട്ടുള്ളത്. അതിർത്തി മേഖലയിൽ സഹകരണ മനോഭാവത്തോടുകൂടി പെരുമാറുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബന്ധപ്പെട്ട രാജ്യങ്ങൾ തീവ്രവാദവിരുദ്ധ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങളോടുള്ള അവരുടെ ബാധ്യതകൾ നിറവേറ്റണം.
രാജ്യങ്ങൾ തമ്മിലുളള സുരക്ഷക്കും, സമാധാനത്തിനും ഭീക്ഷണിയാവുന്ന പ്രവർത്തനമാണ് ഭീകരവാദം. ഇതിനുള്ള സാമ്പത്തിക സഹായം നൽകുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഡോവൽ വിമർശിച്ചു. ഭീകരവിരുദ്ധ പ്രവർത്തനത്തിൽ യുഎൻ സെക്യൂരിറ്റി കൗൺസിൽ അംഗീകരിച്ച പെരുമാറ്റചട്ടം പാലിക്കാൻ എല്ലാ രാജ്യങ്ങളും ഒരുപോലെ ബാധ്യസ്ഥരാണെന്നും ഡോവൽ അഭിപ്രായപ്പെട്ടു.
ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) മേഖലയിൽ അസമത്വം സൃഷ്ടിക്കുകയും ചൈനീസ് കമ്പനികൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ബിആർഐ പദ്ധതികൾ പ്രാദേശിക രാജ്യങ്ങളെ ‘കടക്കെണിയിൽ’ എത്തിക്കുന്നതിനെക്കുറിച്ചും ഇന്ത്യയും ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഡോവൽ ചൈനയുടെ പേര് എടുത്ത് പറഞ്ഞില്ല, എങ്കിലും എസ്സിഒ ചാർട്ടറിനെ മാനിക്കേണ്ടതിന്റെ ആവശ്യകത ഡോവൽ ഊന്നിപ്പറഞ്ഞു.
2022-ൽ, 2023-ലേക്കുള്ള ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ചെയർഷിപ്പ് ഇന്ത്യ ഏറ്റെടുത്തു. ഈ വേനൽക്കാലത്ത് ഗോവയിൽ നടക്കാനിരിക്കുന്ന എസ്സിഒ ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യ നിരവധി സമ്മേളനങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. ഏപ്രിൽ 27 മുതൽ 29 വരെ ഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രതിരോധ മന്ത്രിമാരുടെ യോഗം അടുത്ത സുപ്രധാന എസ്സിഒ സമ്മേളനമായിരിക്കും എന്നതാണ് ശ്രദ്ധേയം.
















Comments