ചണ്ഡിഗഡ്: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് സ്ത്രീകൾ. പഞ്ചാബ് മുതൽ ഡൽഹി വരെ ഭീകരനെ പോലീസിൽ നിന്നും രക്ഷിച്ചത് സ്ത്രീകളാണ്. അമൃത്പാലിന്റെ സഹായി പപൽപ്രീത് സിംഗിന്റെ സുഹൃത്തുക്കളാണ് ഇവരെന്നുമുള്ള വിവരങ്ങളുമുണ്ട്. ഇവരെയെല്ലാവരെയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
പട്യാലയിൽ നിന്നും ഇരുവരും രക്ഷപെട്ട് ഹരിയാനയിലാണെത്തിയത്. ഇവിടെ ഒളിവിൽ കഴിഞ്ഞത് ഒരു സ്ത്രീയുടെ വീട്ടിലായിരുന്നു. തുടർന്ന്, ഈ സ്ത്രീയുടേയും അവരുടെ സഹോദരന്റേയും ഫോൺ ഉപയോഗിച്ചാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. അമൃത്പാൽ രക്ഷപ്പെട്ടയുടൻ ഇവർ അറസ്റ്റിലായി. പപൽപ്രീതിന്റെ അടുത്ത സുഹൃത്തായിരുന്നു ഈ സ്ത്രീയെന്നും ബലൽജിത് കൗർ എന്നാണ് ഇവരുടെ പേരെന്നുമുള്ള വിവരങ്ങൾ പോലീസ് പുറത്ത് വിട്ടു.
ഹരിയാനയിൽ നിന്നും രക്ഷനേടാൻ പപൽപ്രീത് ഡൽഹിയിലുള്ള ഒരു വനിതാ സുഹൃത്തിനെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് 21-ന് അമൃത്പാലും സുഹൃത്തും ഡൽഹിയിലെ ഒരു യുവതിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞു. കർഷക സമരത്തിനിടയിലാണ് പപൽപ്രീത് ഈ സ്ത്രീയുമായി സൗഹൃദ ബന്ധം സ്ഥാപിക്കുന്നത്. നിലവിൽ ഈ സ്ത്രീയും പോലീസ് കസ്റ്റഡിയിലാണ്.
ഇതുവരെ അമൃത്പാലിനെ സഹായിച്ച പത്തിലധികം സ്ത്രീകളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരുടെയെല്ലാം ഫോൺ പോലീസ് നിരീക്ഷണത്തിലാണ്. അമൃത് പാലിനും കൂട്ടാളിക്കുമായുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.
എന്നാൽ, അറസ്റ്റിനെ ഭയന്ന് ഒളിച്ചോടികൊണ്ടിരിക്കുന്ന ഖാലിസ്ഥാനി ഭീകരന്‍ അമൃത്പാല്‍ സിംഗ് കീഴടങ്ങിയേക്കുമെന്ന സൂചനയുമുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്ന അമൃത് പാല്‍ പഞ്ചാബിലേക്ക് തിരിച്ചുവരുമെന്നും സുവര്‍ണ ക്ഷേത്രത്തിലെത്തി കീഴടങ്ങിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സൂചനകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സുവര്‍ണ ക്ഷേത്രത്തിന് അകത്തും പുറത്തും വലിയ സുരക്ഷാ വലയം തീർത്തിരിക്കുകയാണ് പഞ്ചാബ് പോലീസ്.
കഴിഞ്ഞ ദിവസം അമൃത്പാൽ പഞ്ചാബ് പോലീസിനെ വെല്ലുവിളിച്ച് കൊണ്ടുള്ള വീഡിയോയും പുറത്ത വിട്ടിരുന്നു. താൻ സുരക്ഷിതനാണെന്നും, പഞ്ചാബിനെ രക്ഷിക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സർബാദ് ഖൽസ (സിഖുകാരുടെ സഭ) സമ്മേളിക്കണമെന്നും അകാൽ തഖ്ത്തിലെ ജതേദാർ അതിന് വേണ്ട നിർദേശങ്ങൾ നൽകണമെന്നുമാണ് അമൃത്പാൽ വീഡിയോയിൽ പറയുന്നത്. അമൃത്പാലിനായുള്ള തിരച്ചിൽ ആരംഭിച്ചിട്ട് 12-ദിവസം കഴിഞ്ഞു.
Comments