കൊല്ലം: ഡ്രൈവിംഗ് പരിശീലനത്തിനിടെ പിഴവു വരുത്തിയ യുവതിയെ പരിശീലക ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊല്ലം പള്ളിമുക്ക് സ്വദേശിനി ഷൈമക്കെതിരെയാണ് ആരോപണം. മര്‍ദ്ദന വിവരം പുറത്തുപറഞ്ഞാല്‍ ലൈസന്‍സ് ലഭിക്കുന്നതിന് തടസമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മര്‍ദ്ദനമേറ്റ യുവതി പറയുന്നു. സംഭവത്തില്‍ കൊല്ലം ഈസ്‌റ്റ് പോലീസ് കേസെടുത്തു.
രണ്ടുദിവസം മുമ്പ് കൊല്ലം ആശ്രാമത്ത് ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെയാണ് സംഭവം. പിഴവുവരുത്തിയ യുവതിയെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയായ ഷൈമ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കാലിനും കൈകൾക്കും നെഞ്ചിലും മര്‍ദ്ദനമേറ്റ യുവതി ബോധരഹിതയായി വീണു. മന്ത്രി ചിഞ്ചുറാണിയെ അടക്കം ഡ്രൈവിംഗ് പഠിപ്പിച്ചയാളാണ് താനെന്നും അതിനാൽ പരാതി നൽകിയാലും നടപടി ഉണ്ടാകില്ലന്നും പരിശീലക ഭീഷണിപ്പെടുത്തി. കൂടാതെ ലൈസന്‍സ് ലഭിക്കുന്നതിന് തടസം സൃഷ്ടിക്കുമെന്നും അവർ പറഞ്ഞതായി മർദ്ദനമേറ്റ യുവതിയുടെ വീട്ടുകാർ ആരോപിച്ചു.
പോലീസ് ചോദ്യം ചെയ്തതോടെ പരിശീലക കുറ്റം സമ്മതിച്ചിട്ടുണ്ട്. വിഷാദരോഗം മൂലമാണ് മര്‍ദ്ദനമുണ്ടായതെന്നും പരിശീലക മൊഴി നൽകി. സംഭവസമയത്ത് ഉപയോഗിച്ച വാഹനവും പോലീസ് കസ്‌ററഡിയിലെടുക്കും. പരാതിയിന്മേൽ മോട്ടോര്‍വാഹനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.
















Comments