തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത സ്വീകരിച്ച നിലപാട് നീതിദേവതയെ പരിഹസിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇതേ കേസിൽ അധികാരപരിധി സംബന്ധിച്ച പ്രശ്നം മുൻ ലോകായുക്ത തീർപ്പാക്കിയതാണെന്നും അധികാരപരിധി സംശയിച്ച് വീണ്ടും ഭിന്നതയെന്നത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്കസേരയിൽ പിണറായി വിജയൻ തുടരില്ലെന്നും വി.മുരളീധരൻ തുറന്നടിച്ചു.
നീതി വൈകിപ്പിക്കൽ നീതി നിഷേധിക്കലാണ്. കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് അർഹതപ്പെട്ട ദുരിതശ്വാസ ഫണ്ട് ഇഷ്ടക്കാർക്ക് വീതംവച്ചത് അഴിമതിയാണോ എന്ന് കണ്ടെത്താൻ അഞ്ചുവർഷത്തിനിപ്പുറവും കഴിയുന്നില്ല എന്ന ലോകായുക്ത നിലപാട് നീതിദേവതയെ പരിഹസിക്കലാണ്. ഇതേ കേസിൽ അധികാരപരിധി സംബന്ധിച്ച പ്രശ്നം മുൻ ലോകായുക്ത തീർപ്പാക്കിയതാണ്. അധികാരപരിധി സംശയിച്ച് വീണ്ടും ഭിന്നതയെന്നത് സംശയാസ്പദമാണ്. മാത്രവുമല്ല ഇത്തരമൊരു ഭിന്നതയുമായി ഒരുവർഷം കാത്തിരുന്നത് അതിലേറെ ദുരൂഹവും. അഴിമതി നിർമാർജനമെന്ന പ്രഖ്യാപിതലക്ഷ്യത്തിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുന്ന സമീപനം ലോകായുക്തയിൽ നിന്ന് ഉണ്ടാകരുത്.
ഭരണാധികാരികളുടെ സ്വജനപക്ഷപാതത്തിൽ നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരുടെ ഏകപ്രതീക്ഷയാണ് ലോകായുക്ത. ദുരിതാശ്വാസഫണ്ട് വിനിയോഗത്തിലെ അഴിമതി ലോകായുക്ത തള്ളിക്കളഞ്ഞില്ല എന്നതും ശ്രദ്ധേയം. അപേക്ഷയില്ലാതെ, നൽകാവുന്ന പണത്തിന്റെ പരിധി പാലിക്കാതെ, ക്യാബിനറ്റ് നോട്ടില്ലാതെ, സർവത്ര സുതാര്യതയില്ലാതെ നടന്ന ഇടപാടാണെന്ന മുൻലോകായുക്തയുടെ നിരീക്ഷണം ഇപ്പോളും നിലനിൽക്കുന്നു. ഗുരുതരമായ അഴിമതിയാരോപണത്തിന്റെ നിഴലിൽത്തന്നെയാണ് പിണറായി വിജയൻ. രാഷ്‌ട്രീയ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്കസേരയിൽ അദ്ദേഹം തുടരില്ല. പക്ഷേ ധാർമികത എന്ന വാക്കിനർത്ഥം പോലും അറിയാത്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് ഇതൊന്നും ബാധകമാവില്ലെന്ന് മാത്രം.
















Comments