കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്കൽ എജ്യുക്കേഷൻ വിദ്യാർത്ഥികൾക്കും കായികതാരങ്ങൾക്കുമെതിരെ എസ്എഫ്‌ഐ ആക്രമണം തുടർക്കഥയാകുന്നു. ആക്രമണത്തിന് ഇരയായി ഗുരുതര പരിക്കേറ്റ ഫിസിക്കൽ എജ്യുക്കേഷൻ വിദ്യാർത്ഥികൾ സർവകലാശാല അധികൃതർക്കും പോലീസിനും പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും രൂക്ഷമാണ്. ആക്രമണം തടഞ്ഞ വിദ്യാർത്ഥികളെ വിവിധ കേസുകളിൽപ്പെടുത്തി റിമാൻഡ് ചെയ്തതായും വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.
വിദ്യാർത്ഥിനിയുടെ ഫോട്ടോ എടുത്തെന്ന് ആരോപിച്ച് യൂണിവേഴ്‌സിറ്റി യൂണിയൻ അംഗമായ വിദ്യാർത്ഥിയും സംഘവും ഫിസിക്കൽ എജ്യുക്കേഷൻ വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങൾ നിത്യസംഭവമായത്. നിരവധി പേർക്കാണ് മർദ്ദനമേറ്റത്. എസ്എഫ്‌ഐ വിദ്യാർത്ഥികൾ കൊലവിളി നടത്തുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു.
ഏത് സമയത്തും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ജീവൻ പോലും നഷ്ടപ്പെടാമെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. വഴികളൊല്ലാം തടസപ്പെടുത്തി ആക്രമിക്കുകയും ഭീഷണിയിലൂടെ കാര്യങ്ങൾ ചെയ്യിക്കുകയുമാണ്. സ്‌പോർട്‌സ് ഹോസ്റ്റലിലേക്ക് ബോംബ് എറിഞ്ഞ് ഭീതി വിതയ്‌ക്കുകയാണെന്നു കായികതാരങ്ങളായ വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.എന്നാൽ സ്‌പോർട്‌സ് വിഭാഗം വിദ്യാർത്ഥികൾ ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തി എസ്എഫ്‌ഐ പ്രവർത്തകരുമായി ഏറ്റുമുട്ടുന്ന തരത്തിലാണ് സംഭവങ്ങൾ ചിത്രീകരിച്ചത്. പ്രതിരോധിക്കാൻ ശ്രമിച്ച നാല് വിദ്യാർത്ഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ തിരൂര് സബ്ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
Comments