കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ബീച്ച് ആശുപത്രി മതിലിന്റെ പിൻവശത്ത് ചോരപാടുകളുടെ ചിത്രം മാദ്ധ്യമ ഫോട്ടോഗ്രാഫറായ സാജൻ വി. നമ്പ്യാർ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഇഎൻടി പുതിയ ബ്ലോക്കിന്റെ പിൻവശത്തെ മതിലിന് പുറത്ത് പറ്റിപിടിച്ചിരിക്കുന്ന ചോരക്കറ ലഹരി ഉപഭോഗത്തിന്റെ നേർചിത്രമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടെയാണ് സാജൻ വി നമ്പ്യാർ ചിത്രം പങ്കുവെച്ചത്.
എന്നാൽ ഇന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയുടെ മതിലിൽ ചോരപ്പാടുകളില്ല. പോസ്റ്റ് വ്യാപകമായി ചർച്ച ചെയ്‌തോടെ അധികാരികളുടെ കണ്ണുകൾ തുറന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ പെയിന്റിംഗ് തകൃതിയായി നടക്കുകയാണ്. ചോരപ്പാടുകളുള്ള ചുമർ പെയിന്റ് അടിച്ചു വൃത്തിയാക്കുന്ന ദൃശ്യമാണ് സാജൻ വി നമ്പ്യാർ പുറത്തുവിട്ടിരിക്കുന്നത്.
നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്.
ചോരപാടുകളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മതിലിന് പിറകിൽ വന്നിരുന്ന് ലഹരി ഉപയോഗിക്കുന്നവർ സിറിഞ്ചുകൊണ്ട് മയക്കുമരുന്ന് കുത്തിവയ്‌ക്കുമ്പോൾ തുടർന്ന് വരുന്ന ചോരയാണ് ഇവിടെ തേച്ചുവച്ചിരിക്കുന്നതെന്ന് പോസ്റ്റിൽ വ്യക്തമായിരുന്നു. ലഹരി ഉപയോഗിക്കുന്ന സമയത്ത് കൈവശം പഞ്ഞി കരുതാത്തവർ സിറിഞ്ച് കുത്തുമ്പോൾ വരുന്ന ചോര വിരലുകൊണ്ട് തുടച്ച് അവ മതിലിൽ തുടച്ചതിന്റെ പാടുകളായിരുന്നു അവ.
കണ്ടാൽ ചുമരിലെ കലാസൃഷ്ടി എന്ന് തോന്നിയേക്കാമെങ്കിലും ഇത് ലഹരിക്ക് അടിപ്പെട്ട ഒരു കൂട്ടം പേരുടെ ചോരപ്പാടുകളാണിതെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തത്. തുടർന്ന് സംഭവം വലിയ ചർച്ചയാവുകയായിരുന്നു. നിരവധി പേരാണ് ഞെട്ടൽ രേഖപ്പെടുത്തി കുറിപ്പിന് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിന് വലിയൊരു സന്ദേശം നൽകുന്ന ചിത്രം പകർത്തുകയും അത് പങ്കുവയ്‌ക്കുകയും ചെയ്തതിന് സാജനെ ഒരുപാട് പേർ അഭിനന്ദിച്ചും രംഗത്തെത്തിയിരുന്നു.
സാജൻ വി നമ്പ്യാരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘ചോര’ മായുന്ന ചുമർ…ലഹരിയുടെ ചോരപ്പാടുകൾ എന്ന തലക്കെട്ടിൽ മാതൃഭൂമി വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ചിത്രമാണ് ആദ്യത്തേത്. ലഹരിക്ക് അടിപ്പെട്ട ഒരു കൂട്ടം പേരുടെ ചോരപ്പാടുകളാണിവയെന്ന വാസ്തവം ആളുകളെ ഞെട്ടിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഇ.എൻ.ടി. പുതിയ ബ്ലോക്കിന്റെ പിൻവശത്തെ മതിലാണ് ഇത്. ഇതിന് പിറകിൽ വന്നിരുന്ന് സിറിഞ്ചുപയോഗിച്ച് ലഹരി കുത്തിവെച്ച ശേഷം വരുന്ന ചോര തുടയ്‌ക്കാൻ പഞ്ഞിയില്ലാത്തതിനാൽ വിരലുകൊണ്ട് തുടച്ചു ചുമരിൽ തേച്ച പാടുകളാണിവ. സി.സി.ടി.വി. ക്യാമറകളില്ലാത്ത, അധികമാരും എത്താത്ത ഇടമെന്ന സൗകര്യം ഉപയോഗപ്പെടുത്തിയായിരുന്നു ലഹരിക്കാർ ഇവിടം താവളമാക്കിയിരുന്നത്. ഈ ചിത്രം വ്യാപകമായി ചർച്ചചെയ്യപ്പെട്ടതോടെ അധികാരികൾ കണ്ണുതുറന്നു. ചോരപ്പാടുകളുള്ള ചുമർ പെയിന്റ് അടിച്ചു വൃത്തിയാക്കുന്ന ശനിയാഴ്ചത്തെ ദൃശ്യമാണ് വലത്ത്. ഈ ഭാഗത്തേക്ക് ആളുടെ പ്രവേശനം പൂർണമായും തടഞ്ഞുകൊണ്ട്, എല്ലാ വഴികളും കെട്ടിയടക്കുന്നുമുണ്ട്.
















Comments