വൈറലായി മൂന്നാം ക്ലാസുകാരന്റെ ‘പുട്ട്’ വിവരണം. മലയാളിയുടെ പ്രഭാതഭക്ഷണ പട്ടികയിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നവയാണ് പുട്ട്. അകരി പുട്ട്, ഗോതമ്പ് പുട്ട്, റാഗി പുട്ട്….എങ്ങനെ നീളുന്നു പുട്ടിന്റെ പട്ടിക. പുട്ടിനെക്കുറിച്ചും പറയുമ്പോൾ തന്നെ ഉയരുന്ന കോംമ്പിനേഷനാണ് പുട്ടും പഴവും , പുട്ടുവും കടലയും അല്ലെങ്കിൽ പുട്ടും പപ്പടവുമൊക്ക…
ഈ സ്വാദൂറും പുട്ട് കുടുംബബന്ധങ്ങളെ തകർക്കുമെന്ന് പറഞ്ഞാലോ?! പരീക്ഷയ്‌ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാൻ പറഞ്ഞപ്പോൾ മൂന്നാം ക്ലസുകാരന് എഴുതിയ കുറിപ്പാണ് ഇന്റർനെറ്റ് ലോകത്ത് പരക്കുന്നത്. പുട്ട് തനിക്ക് ഇഷ്ടമില്ലെന്നും അത് ബന്ധങ്ങൾ തകർക്കുമെന്നുമാണ് മൂന്നാം ക്ലാസുകാരൻ എഴുതിയത്.
കോഴിക്കോട് മുക്കം സ്വദേശിയായ മൂന്നാം ക്ലാസുകാരൻ ജയിസ് ജോസഫിന്റെതാണ് ഈ രസകരമായ കുറിപ്പ്. ‘എനിക്ക് ഇഷ്ടമല്ലാത്ത ഭക്ഷണം പുട്ടാണ്. പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. പുട്ട് ഉണ്ടാക്കാൻ വളരെ എളുപ്പമായതിനാൽ അമ്മ എല്ലാ ദിവസവും രാവിലെ ഇത് തന്നെ ഉണ്ടാക്കുന്നു. അഞ്ച് മിനിട്ട് കഴിഞ്ഞാൽ പുട്ട് പാറ പോലെയാകും. പിന്നെ എനിക്കത് കഴിക്കാൻ പറ്റില്ല. വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കിതരാൻ പറഞ്ഞാൽ അമ്മ കേൾക്കില്ല. അപ്പോൾ ഞാൻ കഴിക്കാതെ പട്ടിണി കിടക്കും. അതിന് അമ്മ എന്നെ വഴക്ക് പറയും. അങ്ങനെ ഞാൻ കരയും’. അതുകൊണ്ട് തന്നെ പുട്ട് കുടുംബ ബന്ധങ്ങളെ തകർക്കുമെന്നാണ് ജയിസ് കുറിച്ചത്.
ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയ അദ്ധ്യാപികയും കുട്ടിയെ അഭിനന്ദിക്കാൻ മറന്നില്ല. ‘എക്‌സലെന്റ്’ എന്നാണ് അദ്ധ്യാപിക മറുപടി നൽകിയത്. മാമ്പറ്റ സ്വദേശി സോജി ജോസഫിന്റെയും ദിയ ജെയിംസിന്റെയും മകനാണ് ജയിസ്. ബെംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്ട്രോണിക്സ് സിറ്റിയിലാണ് ജയിസ് പഠിക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും കഴിഞ്ഞ ദിവസം രസകരമായ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നു.
ജയിസിന്റെ കാഴ്‌ച്ചപ്പാടിലെ പുട്ട് ഞെടിയിടലാണ് വൈറലായത്. ഒരുപാട് പേരാണ് ഈ ഉത്തരക്കടലാസ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിരവധി പേർ കമന്റുകളുമായും രംഗത്തെത്തി. മൂന്നാം ക്ലാസുകാരനിൽ നിന്നും ഇത്തരമൊരു അഭിപ്രായം പ്രതീക്ഷിച്ചില്ലെന്നും പുട്ടിന് ഇന്ന് വരെ ഇത്തരത്തിൽ ഒരു വിമർശനം കേട്ടിട്ടില്ലെന്നും കമന്റിൽ പറയുന്നു.
















Comments