ഓസ്‌കാറും കീഴടക്കി ജൈത്രയാത്ര തുടരുകയാണ് എംഎം കീരവാണിയുടെ നാട്ടു നാട്ടു ഗാനം. ആർആർആറിലെ ഈ ഗാനത്തിന്റെ അലയൊലികൾ രാജ്യത്ത് അവസാനിക്കുന്നേയില്ല. ഇപ്പോഴിതാ പ്രമുഖ നടിമാരായ ആലിയ ഭട്ടും രശ്മിക മന്ദാനയും ‘നാട്ടു നാട്ടു’ പാട്ടിന്റെ ഹിന്ദി പതിപ്പായ ‘നാച്ചോ നാച്ചോ’യ്‌ക്ക് ചുവടുവെച്ചിരിക്കുകയാണ്. ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇവരുടെ നൃത്തത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. നിരവധിയാളുകളാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
https://www.instagram.com/reel/CqhS74OqcGR/?utm_source=ig_web_copy_link
https://www.instagram.com/reel/CqhacwAIPNi/?utm_source=ig_web_copy_link
മുംബൈയിൽ നടന്ന നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഇവന്റിന്റെ (എൻഎംഎസിസി) ഉദ്ഘാടന ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് ‘നാട്ടു നാട്ടു’ ട്രാക്കിൽ താരങ്ങൾ മികച്ച പ്രകടനം നടത്തിയത്. ആലിയ ഒരു ചെറിയ വെള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. രശ്മിക ഗോൾഡൻ സാരിയുമാണ് ധരിച്ചിരിക്കുന്നത്. ഇരുവരും ആർആർആർ ഗാനത്തിന്റെ താളത്തിനൊത്ത് മനോഹരമായി നൃത്തം ചെയ്ത് സദസ്സിലുള്ളവരെയും പ്രേക്ഷകരെയും മുഴുവൻ കൈയ്യിലെടുത്തു. ‘ഹുക്ക് സ്റ്റെപ്പ്’ ചെയ്തപ്പോൾ സദസ്സ് ആർത്തുവിളിച്ചു. പ്രകടനത്തിനൊടുവിൽ ആലിയയും രശ്മികയും പരസ്പരം ആലിംഗനം ചെയ്താണ് വീഡിയോ അവസാനിച്ചത്.
ഇന്ത്യയുടെ കലാ-സാംസ്‌കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള നിത അംബാനിയുടെ സ്വപ്‌ന പദ്ധതിയാണ് സാംസ്‌കാരിക കേന്ദ്രം. വെള്ളിയാഴ്ച രാത്രിയായിരുന്നു നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന ചടങ്ങ്. നിരവധി താരങ്ങളാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. മുംബൈ ബാന്ദ്ര-കുർള കോംപ്ലക്സിലെ ജിയോ വേൾഡ് സെന്ററിലാണ് നിത അംബാനി കൾച്ചറൽ സെന്ററിന്റെ ആസ്ഥാനം. ഇന്ത്യൻ കലയുടെയും സംസ്‌കാരത്തിന്റെയും ഏറ്റവും മികച്ച പ്രദർശന കേന്ദ്രമാണിവിടം. ഇന്ത്യയിലെ ഏറ്റവും അത്യാധുനികവും ഐതിഹാസികവും ലോകോത്തരവുമായ സാംസ്‌കാരിക കേന്ദ്രവും ദൃശ്യകലകളുടെ അവതരണ കേന്ദ്രവുമായ എൻഎംഎസിസി ഗംഭീരമായ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് എന്നാണ് നിതാ അംബാനി പറഞ്ഞത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2023-ന്റെ ഉദ്ഘാടന ചടങ്ങിലും രശ്മിക നാട്ടു നാട്ടു ഗാനത്തിനാണ് ചുവടുവെച്ചത്. രശ്മിക മന്ദാനയുടെ നൃത്തത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്ക് ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹൽ ഉൾപ്പെടെ 2.6 ലക്ഷം പേരാണ് പ്രതികരിച്ചിരിക്കുന്നത്. നിരവധി കമന്റുകളും പ്രേക്ഷകർ പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/reel/CqdHqsProqg/?utm_source=ig_web_copy_link
നാട്ടു നാട്ടു തരംഗം ക്രിക്കറ്റിലും പടർന്ന് പിടിച്ചിരിക്കുകയാണ്. വിരാട് കോഹ്ലിക്ക് ശേഷം ഈ പാട്ടിന് ചുവടുവെച്ച് എത്തിയിരിക്കുന്നത് നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസാണ്. ടൈറ്റൻസ് സ്റ്റാർ ബാറ്റർ ശുഭ്മൻ ഗില്ലും സ്റ്റാർ ബൗളർ റാഷിദ് ഖാനുമൊപ്പം വിജയ് ശങ്കറും ചേർന്നാണ് നാട്ടു നാട്ടുവിന് ചുവടുവെച്ചിരിക്കുന്നത്. ഒരു പരസ്യ ചിത്രീകരണത്തിന്റെ സെറ്റിൽ വെച്ച് മൂവരും പാട്ടിന് ഡാൻസ് കളിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
Rashid, Gill & Vijay dancing "Naatu Naatu".pic.twitter.com/EFso4EzR7r
— Johns. (@CricCrazyJohns) April 1, 2023
രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’ ഗാനം എംഎം കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ ചുവടുകളും കൊണ്ടാണ് ലോകജനതയുടെ ശ്രദ്ധ നേടിയത്. ചന്ദ്രബോസിന്റേതാണ് വരികൾ. പ്രേം രക്ഷിത് ഗാനത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചു. ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരം നേടി ‘നാട്ടു നാട്ടു’ ഓസ്‌കറിൽ മുത്തമിടുകയും ചെയ്തു. മറ്റു നിരവധി പുരസ്‌കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട് ഈ ഹിറ്റ് ഗാനം. ഹിന്ദിയിൽ നാച്ചോ നാച്ചോ, തമിഴിൽ നാട്ടു കൂത്ത്, കന്നഡയിൽ ഹള്ളി നാട്ടു, മലയാളത്തിൽ കരിന്തോൾ എന്നിങ്ങനെയാണ് ഗാനം പുറത്തിറങ്ങിയത്.
Comments