പാലക്കാട്: കോടതി വെറുതെ വിട്ട രണ്ട് പ്രതികൾക്കും കൂടി ശിക്ഷ ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് മധുവിന്റെ സഹോദരിയും അമ്മയും. ഒരുപാട് പ്രതിസന്ധികൾ നേരിട്ടാണ് കേസ് നടത്തിയത്. നിരവധി ഭീഷണികൾ നേരിട്ടു. കേസിൽ നിന്നും പിന്മാറാൻ പലരും ആവശ്യപ്പെട്ടു. അവസാനം 14 പേർക്ക് ശിക്ഷവാങ്ങി നൽകാനായി. കോടതി വെറുതെ വിട്ട രണ്ടുപേർക്ക് കൂടി ശിക്ഷവാങ്ങി നൽകുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു. കോടതി വിധി പുറത്തുവന്നതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സരസു.
മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് മണ്ണാർക്കാട് എസ്‌സി- എസ്ടി കോടതി വിധിച്ചിരുന്നു. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്‌ക്കാർ മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതിജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു,പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 പ്രതികളും നരഹത്യ കുറ്റത്തിൽ ഏർപ്പെട്ടതായി തെളിഞ്ഞെന്ന് കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയും കോടതി മാറ്റി നിർത്തി.
മധുവിനെ കാട്ടിൽ നിന്ന് പിടിച്ചുകൊണ്ട് വന്നതറിഞ്ഞ് മുക്കാലിയിലെത്തി ആക്രമിച്ചത് ഹുസൈനാണ്. തന്റെ കടയിലെത്തി സാധാനം മോഷ്ടിച്ചതെന്ന് ആരോപിച്ച് ഇയാൾ മധുവിന്റ നെഞ്ചിൽ ചവിട്ടി. ഇതിനെ തുടർന്നാണ് മധു തലയിടിച്ച് വീഴുന്നത്. ഈ വീഴ്ചയാണ് മരണത്തിലേക്ക് നയിച്ചത്.. രണ്ടാം പ്രതി മരയ്‌ക്കാരാണ് മധുവിനെ അന്വേഷിച്ച് പോയ 12 അംഗ സംഘത്തിന് നേതൃത്വം നൽകിയത്. മധുവിനെ കാട്ടിൽ കണ്ടാൽ അറിയിക്കണമെന്ന് മരയ്‌ക്കാർ അറിയിച്ചിരുന്നു. മധുവിനെ കാട്ടിൽ കണ്ട 19-ാം സാക്ഷി കക്കി മൂപ്പൻ കാട്ടിലുണ്ടെന്ന് പറഞ്ഞു, പിന്നാലെ മറ്റ് പ്രതികളെയും കൂട്ടി കാട്ടിലേക്ക് പോകുന്നത്.
ഗൂഢാലോചന, സംഘം ചേർന്ന് ആക്രമിക്കൽ, മർദ്ദനം തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
















Comments