ന്യൂഡൽഹി: ഭൂട്ടാൻ രാജാവ് ജിഗ്മെ വാങ്ചുകുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടന്നത്. സാമ്പത്തിക സഹകരണം ഉൾപ്പെടെ വിവിധ മേഖലകളിൽ ഉഭയകക്ഷി ഇടപെടൽ വളർത്തുന്നതിനുള്ള വഴികളെക്കുറിച്ചാണ് പ്രധാനമന്ത്രിയും വാങ്ചുകും പ്രധാനമായും ചർച്ച ചെയ്‌തെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ ബന്ധങ്ങൾ ഉയർത്തിയിട്ടുണ്ട്. ഇന്ത്യ സ്ഥിരമായി ഭൂട്ടാന്റെ മുൻനിര വ്യാപാര പങ്കാളിയാണ്. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി വാങ്ചുക് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യുന്നതിനും സാമ്പത്തിക, വികസന സഹകരണം ശക്തിപ്പെടുത്തുന്നതിനും അവസരം നൽകുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വിറ്ററിലൂടെ പറഞ്ഞു.
രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ക്ഷണപ്രകാരമാണ് ഭൂട്ടാൻ രാജാവ് ഇന്ത്യയിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഭൂട്ടാൻ വിദേശകാര്യ മന്ത്രി ടാണ്ടി ദോർജിയും മറ്റ് ഉദ്യോഗസ്ഥരും വാങ്ചുകിനൊപ്പം ഇന്ത്യാ സന്ദർശനത്തിന് എത്തിയിട്ടുണ്ട്. ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനുള്ള അവസരമായാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയെ കാണുന്നതെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
















Comments